2026 ടി-20 ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടാനിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. അവസാന അങ്കത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ സംസാരിച്ചതും അതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഇന്ത്യന്‍ ആരാധകരെ നിശബ്ദമാക്കുമെന്നും ടൂര്‍ണമെന്റില്‍ എങ്ങനെയാണോ കളിച്ചത് അതുപോലെ തന്നെ കളിക്കുമെന്നും സാന്റ്‌നര്‍ പറഞ്ഞു. സെമി ഫൈനലിന് മുമ്പ് ഇംഗ്ലണ്ട് താരം സാം കറനും ഇത്തരത്തിലൊരു പ്രസ്താവന പറഞ്ഞിരുന്നു.
എന്നാല്‍ സാന്റ്‌നറുടെ പ്രസ്താവനയെക്കുറിച്ച് സൂര്യകുമാറിനോട് ചോദിച്ചപ്പോള്‍ വലിയ മത്സരങ്ങള്‍ക്ക് മുമ്പ് എതിര്‍ ടീമില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ സാധാരണമാണെന്നും അവര്‍ പുതിയ എന്തെങ്കിലും കാര്യം പറയട്ടെ എന്നും സൂര്യ പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്‍കി.
2026 ടി-20 ലോകകപ്പ് ഫൈല്‍
മിച്ചല്‍ സാന്റ്‌നര്‍ പറഞ്ഞത്
‘ആരാധകരെ നിശബ്ദരാക്കുക എന്നതാണ് ലക്ഷ്യം. ഞങ്ങള്‍ ഈ ടൂര്‍ണമെന്റില്‍ എങ്ങനെയാണോ കളിച്ചത് അതുപോലെ തന്നെ കളിക്കാന്‍ ശ്രമിക്കും. ഇന്ത്യയാണ് കിരീടത്തിന് സാധ്യതയുള്ളത്, ഞങ്ങളെ അത് ഒരു തകത്തിലും ബാധിക്കുന്നില്ല,’ സാന്റ്‌നര്‍ പറഞ്ഞു.
സൂര്യകുമാര്‍ യാദവ് പറഞ്ഞത്
‘എല്ലാവരും ഒരേ കാര്യം തന്നെയാണ് പറയുന്നത്. അവര്‍ പുതിയ എന്തെങ്കിലും കാര്യം പറയട്ടെ. ക്യാമ്പില്‍ എല്ലാവരും ആവേശത്തിലാണ്. ഗ്രൂപ്പില്‍ വളരെ നല്ല അന്തരീക്ഷമാണ് ഉള്ളത്, ഫൈനലിനായി ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അധിക സമ്മര്‍ദമുണ്ടാകും, എനിക്ക് അത് നിഷേധിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ഒരു ലോകകപ്പ് ഫൈനല്‍ കളിക്കുന്നത് ആവേശകരമാണ്,’ സൂര്യകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.
ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 246 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തിലാണ് നീലപ്പടയുടെ വിജയം. കരുത്തരായ സൗത്ത് ആഫ്രിക്കയെ നിഷ്പ്രയാസം കീഴടക്കിയാണ് കിവീസും പോരിനിറങ്ങുന്നത്.