സ്വന്തം നേട്ടങ്ങള്‍ക്ക് പിന്നാലെ പോകാതെ ടീമിന് വേണ്ടി കളിക്കുന്ന ടീം മാന്‍, സഞ്ജു സാംസണെ വിശേഷിപ്പിക്കുന്ന ഒട്ടനേകം വിശേഷണങ്ങളില്‍ ഒന്നാണിത്.

വ്യക്തിഗത നേട്ടങ്ങള്‍ക്ക് പിന്നാലെ പോകാതെ, സെഞ്ച്വറിയും ഹാഫ് സെഞ്ച്വറിയുമടക്കമുള്ള വ്യക്തിഗസ മൈല്‍ സ്റ്റോണുകളില്‍ അഭിരമിക്കാത്ത, ഈ നേട്ടങ്ങള്‍ക്ക് തൊട്ടടുത്തെത്തി നില്‍ക്കുമ്പോഴും അറ്റാക്കിങ് ഷോട്ടിന് മുതിരുന്ന സഞ്ജു ഒരു പക്കാ ടീം മാന്‍ തന്നെയാണ്.

സഞ്ജു സാംസൺ. Photo: BCCI/x.com

സഞ്ജുവിന്റെ ഈ നിസ്വാര്‍ത്ഥ മനോഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ടി-20 നായകനും വേള്‍ഡ് കപ്പ് വിന്നിങ് ക്യാപ്റ്റനുമായി സൂര്യകുമാര്‍ യാദവ്.

2026 ടി-20 ലോകകപ്പില്‍ സഞ്ജു സാംസണ് പ്ലെയിങ് ഇലവനില്‍ സ്ഥാനം നല്‍കുന്നതിനെ സംബന്ധിച്ച് താരവുമായി സംസാരിച്ച സംഭവത്തെ കുറിച്ച് സംസാരിക്കവെയാണ് സ്‌കൈ ഇക്കാര്യം പറഞ്ഞത്.

സൂര്യകുമാര്‍ യാദവ്

‘ന്യൂസിലാന്‍ഡ് പരമ്പരയില്‍ സഞ്ജുവിന് പ്രതീക്ഷിച്ച അത്ര റണ്‍സ് നേടാനായില്ല. ആ സമയത്ത് ഇഷാന്‍ കിഷന്‍ മികച്ച ഫോമിലുമായിരുന്നു. കാര്യങ്ങള്‍ അത്ര അനുകൂലമല്ലാത്തതിനാല്‍ സഞ്ജുവിനെ ടീമില്‍ കളിപ്പിക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് ടീം ബസില്‍ യാത്ര ചെയ്യുമ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു.

ചേട്ടാ കാര്യങ്ങളുടെ പോക്കുവെച്ച് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു.

അപ്പോള്‍, ടീമിന് ലോകകപ്പ് നേടാന്‍ ഏതാണ് ഏറ്റവും മികച്ച തീരുമാനമെന്ന് തോന്നുന്നത് ആ തീരുമാനവുമായി മുന്നോട്ട് പോവുക. ടീമിന് എപ്പോഴെങ്കിലും എന്നെ ആവശ്യമുണ്ടെങ്കില്‍ ഞാന്‍ ഇവിടെ ഉണ്ടാവും. മത്സരത്തില്‍ കളിക്കാനായി പൂര്‍ണ സജ്ജനായി ഞാന്‍ തയ്യാറെടുപ്പുകള്‍ നടത്തുമെന്നാണ് സഞ്ജു നല്‍കിയ മറുപടി.

ടീമിലെ സ്വന്തം സ്ഥാനത്തെക്കുറിച്ച് സ്വാര്‍ത്ഥതയില്ലാതെ ടീമിനായി ചിന്തിക്കുന്ന ഇത്തരം മനുഷ്യര്‍ ഉണ്ടല്ലോ എന്ന് ഓര്‍ത്ത് എനിക്ക് വലിയ അത്ഭുതം തോന്നി. ഇതോടെ സഞ്ജുവിനോടുള്ള എന്റെ ബഹുമാനം ഇരട്ടിയായി മാറി,’ ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.

2026 ലോകകപ്പില്‍ അത്ഭുതാവഹമായ പ്രകടനമാണ് സഞ്ജു നടത്തിയത്. ആദ്യ മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നെങ്കിലും ശേഷം അവസരം ലഭിച്ച ഓരോ മത്സരത്തിലും താരം തിളങ്ങി.

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന സൂപ്പര്‍ 8 മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനമാണ് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായത്. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സെന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന പ്രകടനമാണ് താരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ പുറത്തെടുത്തത്.

ഇന്ത്യന്‍ നിരയില്‍ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമടക്കം പരാജയപ്പെട്ടപ്പോള്‍ മറുവശത്ത് ഉറച്ചുനിന്നാണ് സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 50 പന്തില്‍ പുറത്താകാതെ 97 റണ്‍സാണ് താരം സ്വന്തമാക്കിയത്.

സഞ്ജു സാംസൺ. Photo: BCCI/x.com

സഞ്ജുവിന്റെ കരുത്തില്‍ നാല് പന്ത് ശേഷിക്കെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 20ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സറും രണ്ടാം പന്തും ഫോറുമടിച്ചാണ് സഞ്ജു വിജയലക്ഷ്യം മറികടന്നത്.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ 42 പന്തില്‍ 89 റണ്‍സടിച്ചാണ് സഞ്ജു കരുത്തുകാട്ടിയത്. ഈ രണ്ട് മത്സരത്തിലും സഞ്ജു തന്നയായിരുന്നു കളിയിലെ താരവും.

ഫൈനലില്‍ 46 പന്തില്‍ 89 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഈ മൂന്ന് മത്സരത്തിലും ഒരിക്കല്‍പ്പോലും സെഞ്ച്വറിക്കായി ശ്രമിക്കാതെ, സ്‌ട്രൈക് റേറ്റ് കുറയാതെയാണ് താരം ബാറ്റ് വീശിയത്.

ലോകകപ്പിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്നും 80.25 ശരാശരിയില്‍ 321 റണ്‍സാണ് താരം സ്വന്തമാക്കിയത്. ലോകകപ്പിലെ റണ്‍ വേട്ടക്കാരില്‍ മൂന്നാമനും ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനുമായ സഞ്ജു തന്നെയാണ് ലോകകപ്പിന്റ താരമായി തെരഞ്ഞെടുക്കപ്പെട്ടതും.

 

Content Highlight: Suryakumar Yadav on Sanju Samson’s selfless attitude.