വേണ്ടത് വെറും ആറ് റണ്‍സ്; ചരിത്രത്തിലേക്ക് പറക്കാനൊരുങ്ങി സ്‌കൈ
Cricket
വേണ്ടത് വെറും ആറ് റണ്‍സ്; ചരിത്രത്തിലേക്ക് പറക്കാനൊരുങ്ങി സ്‌കൈ
Sudev A
Monday, 4th May 2026, 4:23 pm

ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് പരാജയപ്പെട്ടതോടെ മുംബൈ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചുകൊണ്ട് തലയുയര്‍ത്തി മടങ്ങാനാവും മുംബൈ ലക്ഷ്യം വെക്കുക.

മറുഭാഗത്ത് ലഖ്നൗ അവസാന സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും ആറ് തോല്‍വിയും അടക്കം നാല് പോയിന്റോടെയാണ് എല്‍.എസ്.ജി അവസാന സ്ഥാനത്ത് തുടരുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കണമെങ്കില്‍ ലഖ്നൗവിനും വിജയം അനിവാര്യമാണ്.

മുംബൈ ഇന്ത്യൻസ്. Photo: Crickettimes

ഈ നിര്‍ണായക മത്സരത്തില്‍ മുംബൈ താരം സൂര്യകുമാര്‍ യാദവിനെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. ഐ.പി.എല്ലില്‍ 4500 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് സ്‌കൈക്കുള്ളത്. ഇതിനായി വേണ്ടത് വെറും ആറ് റണ്‍സ് മാത്രമാണ്. ഇതുവരെ ഐ.പി.എല്ലില്‍ 175 മത്സരങ്ങളില്‍ നിന്നും 4994 റണ്‍സാണ് സ്‌കൈ നേടിയിട്ടുള്ളത്. രണ്ട് സെഞ്ച്വറിയും 30 അര്‍ധ സെഞ്ച്വറിയും ഇന്ത്യന്‍ ടി-20 നായകന്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഈ സീസണില്‍ മുംബൈക്കൊപ്പം നിരാശപ്പെടുത്തുന്ന പ്രകടനമാണ് സൂര്യകുമാര്‍ യാദവ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും 183 റണ്‍സ് മാത്രമാണ് സ്‌കൈ നേടിയിട്ടുള്ളത്. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചിട്ടുള്ളത്. 20.33 ആവറേജിലും 144.09 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

അതേസമയം ഐ.പി.എല്ലില്‍ 5000 റണ്‍സെന്ന നേട്ടവും സൂര്യയുടെ കയ്യകലെയാണ്. 11 താരങ്ങള്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, സുരേഷ് റെയ്‌ന, എം.എസ് ധോണി, കെ.എല്‍ രാഹുല്‍, അജിന്‍ക്യ രഹാനെ, എ.ബി. ഡി വില്ലിയേഴ്‌സ്, സഞ്ജു സാംസണ്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍.

മലയാളി താരം സഞ്ജു സാംസണ്‍ ആണ് അവസാനമായി ഈ ലിസ്റ്റില്‍ ഇടം പിടിച്ച താരം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിലാണ് സഞ്ജു ഈ നേട്ടം കൈപ്പിടിയിലാക്കിയത്.

Content Highlight: Suryakumar Yadav Need Six Runs to Complete 4500 runs in IPL

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.