ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. നാഗ്പൂരില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്.
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയേയും കെ.എല്‍. രാഹുലിനേയും ടിം സീഫേര്‍ട്ടിനേയും ഒരുമിച്ച് മറികടക്കാനുള്ള അവസരമാണ് ക്യാപ്റ്റന്‍ സൂര്യയ്ക്കുള്ളത്. ഇതിനായി 39 റണ്‍സാണ് താരത്തിന് വേണ്ടത്. നിലവില്‍ ഈ റെക്കോഡ് ലിസ്റ്റില്‍ എട്ടാം സ്ഥാനത്താണ് സൂര്യ. ഒന്നാം സ്ഥാനത്ത് ഹിറ്റ്മാന്‍ രോഹിത് ശര്‍മയുമാണ്.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ എന്ന നിലയില്‍ മത്സരങ്ങള്‍ വിജയിപ്പിച്ചെങ്കിലും കഴിഞ്ഞ 22 ടി-20 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും സൂര്യയ്ക്ക് നേടാന്‍ സാധിച്ചിരുന്നില്ല. മോശം പ്രകടനത്തെ തുടര്‍ന്ന് സൂര്യയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നിരുന്നാലും ന്യൂസിലാന്‍ഡിനെതിരെ സൂര്യ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍93 ഇന്നിങ്‌സില്‍ നിന്ന് 2788 റണ്‍സാണ് താരം അടിച്ചെടുത്തത്.