സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി-20 മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 118 റണ്‍സിന്റെ വിജയലക്ഷ്യം 16ാം ഓവറില്‍ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുമ്പിലാണ്.
പരമ്പരയിലെ നാലാമത്തെ മത്സരം ഡിസംബര്‍ 17ന് എകാന ക്രിക്കറ്റ് സ്റ്റേഡയത്തിലാണ് നടക്കുക. മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. വെറും 30 റണ്‍സ് നേടാന്‍ സാധിച്ചാല്‍ ടി-20യില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് സൂര്യയ്ക്ക് സാധിക്കുക.
ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഈ നാഴികക്കല്ലിലെത്തുന്ന നാലാമത്തെ താരമാകാനും സൂര്യയ്ക്ക് സാധിക്കും. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയുമാണുള്ളത്.
9000 ടി-20 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങള്‍, റണ്‍സ് (ഇന്നിങ്‌സ്) എന്ന ക്രമത്തില്‍
വിരാട് കോഹ്ലി – 13,543 (397)
രോഹിത് ശര്‍മ – 12,248 (450)
ശിഖര്‍ ധവാന്‍ – 9797 (331)
സൂര്യകുമാര്‍ യാദവ് – 8970 (319)
കഴിഞ്ഞ 20ലേറെ മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. ഈ കാലയളവില്‍ ടീമിന് വേണ്ടി ഒരു ഫിഫ്റ്റി പോലും താരം നേടിയില്ലായിരുന്നു. എന്നിരുന്നാലും അടുത്ത മത്സരത്തില്‍ സ്‌കൈ തിരിച്ചുവരുമെന്നാണ് ആരാധകരും വിശ്വസക്കുന്നത്.
അതേസമയം മത്സരത്തില്‍ 18 പന്തില്‍ 35 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. മൂന്ന് സിക്‌സറും അത്ര തന്നെ ഫോറുമായി 194.44 സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ശിവം ദുബെയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlight: Suryakumar Yadav Need 30 Runs To Complete 9000 T-20 Runs