വാംഖഡെയില്‍ 'സൂര്യനുദിച്ചില്ല'; സ്‌കൈ കൈവിട്ടത് വമ്പന്‍ നേട്ടം!
Cricket
വാംഖഡെയില്‍ 'സൂര്യനുദിച്ചില്ല'; സ്‌കൈ കൈവിട്ടത് വമ്പന്‍ നേട്ടം!
ശ്രീരാഗ് പാറക്കല്‍
Wednesday, 29th April 2026, 8:45 pm

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത മുംബൈ നിലവില്‍ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് നേടിയത്.

22 പന്തില്‍ 46 റണ്‍സ് നേടിയ വില്‍ ജാക്‌സിനെയും അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെയുമാണ് മുംബൈയ്ക്ക് നഷ്ടമായത്. ഈഷന്‍ മലിംഗയുടെ പന്തില്‍ പുറത്തായതിന് പിന്നാലെ ഒരു വമ്പന്‍ നഷ്ടവും സൂര്യയ്ക്ക് വന്നുചേര്‍ന്നിരിക്കുകയാണ്. മത്സരത്തില്‍ വെറും 32 റണ്‍സ് നേടിയിരുന്നെങ്കില്‍ ഐ.പി.എല്ലില്‍ 4500 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമായിരുന്നു സൂര്യയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഈ മിന്നും നേട്ടത്തിലെത്താന്‍ സൂര്യയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

അതേസമയം നിലവില്‍ മുംബൈക്ക് വേണ്ടി ക്രീസിലുള്ളത് 27 പന്തില്‍ 67 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന റിയാന്‍ റിക്കിള്‍ട്ടണും എട്ട് റണ്‍സ് നേടിയ നമന്‍ ധിറുമാണ്.

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മുംബൈയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. നിലവില്‍ ഏഴ് മത്സരങ്ങളില്‍ കളിച്ച മുംബൈ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയിച്ചത്. വെറും നാല് പോയിന്റാണ് ടീമിനുള്ളത്. പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ് നീലപ്പട. ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ തന്നൊണ് മുംബൈ കച്ചകെട്ടിയത്.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, എഎം ഗസന്‍ഫര്‍, അശ്വനി കുമാര്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്‍, സലില്‍ അറോറ, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷ് ദുബെ, സാക്കിബ് ഹുസൈന്‍, പ്രഫുല്‍ ഹിംഗെ, ഇഷാന്‍ മലിംഗ.

Content Highlight: Suryakumar Yadav Miss A Chance To Complete 4500 Runs In IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ