സൂര്യയുടെ തൊപ്പി തെറിക്കും, ഇന്ത്യന്‍ ടീമിലേക്ക് രണ്ട് സര്‍പ്രൈസ് താരങ്ങളും; ടി-20 ടീം ഇനി തകര്‍ക്കും!
Cricket
സൂര്യയുടെ തൊപ്പി തെറിക്കും, ഇന്ത്യന്‍ ടീമിലേക്ക് രണ്ട് സര്‍പ്രൈസ് താരങ്ങളും; ടി-20 ടീം ഇനി തകര്‍ക്കും!
ശ്രീരാഗ് പാറക്കല്‍
Thursday, 4th June 2026, 3:52 pm

ഐ.പി.എല്‍ മാമാങ്കത്തിന്റെ ആരവം കെട്ടടങ്ങുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഏവരും ഉറ്റുനോക്കുന്നത് ഇന്ത്യന്‍ ടി-20 ടീമില്‍ നടത്താനിരിക്കുന്ന അഴിച്ചുപണികളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഭാവി തന്നെയാണ്.

ഐ.പി.എല്ലിലെയും ഇന്ത്യന്‍ ടീമിലെും മോശം പ്രകടനം താരത്തെ ഇന്ത്യന്‍ നായക സ്ഥാനത്ത് നിന്ന് നീക്കുന്നതിന് കാരണമായേക്കുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. താരത്തിന് പകരമായി ശ്രേയസ് അയ്യര്‍ ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവരാണ് നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ഓപ്പണര്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍സി റെയ്‌സില്‍ ഉണ്ടായിരുന്നെങ്കിലും നിലവില്‍ സഞ്ജുവിനുള്ള സാധ്യതകള്‍ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സൂര്യകുമാര്‍ യാദവ്. Photo: IndianPremierLeague/x.comഎന്നാല്‍ ഇതിനെല്ലാം പുറകെ മറ്റൊരു അപ്‌ഡേറ്റാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ഇന്ത്യയുടെ ടി-20 ടീമിലേക്ക് സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയും രജത് പാടിദാറും എത്തുമെന്നാണ് സൂചന.

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐ.പി.എല്ലിലെ ഈ സീസണില്‍ മിന്നും പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. സീസണില്‍ താരമാണ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് 15 വയസുകാരന്‍ അടിച്ചെടുത്തത്. ഓറഞ്ച് ക്യാപ്പിന് പിന്നാലെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു. 2025ല്‍ രാജസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 23 മത്സരത്തില്‍ നിന്ന് 1028 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സൂപ്പര്‍ താരവും ക്യാപ്റ്റനുമായ രജത് പാടിദാര്‍ ഇന്ത്യയുടെ ടി-20 ടീമില്‍ ഇടം നേടാന്‍ യോഗ്യനാണെന്ന് തെളിയിച്ചതാണ്. ഐ.പി.എല്‍ കിരീടം കിട്ടാ കനിയായി നില്‍ക്കുമ്പോഴാണ് പാടിദാര്‍ ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്.

2025ല്‍ നായക സ്ഥാനം ഏറ്റെടുത്ത അതേ സീസണില്‍ തന്നെ കിരീടം നേടിയ പാടിദാര്‍ 2026ല്‍ ബെംഗളൂരുവിന് വേണ്ടി തുടര്‍ച്ചായായ രണ്ടാം കിരീടം നേടിക്കൊടുത്തു. ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും ടീമിന് വേണ്ടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. വൈഭവിനെയും പാടിദാറിനെയും ഇന്ത്യന്‍ ടീമില്‍ പരിഗണിച്ചേക്കുമെന്ന വിവരം ക്രിക്ബസ്സാണ് പുറത്ത് വിട്ടത്.

Content Highlight: Suryakumar Yadav likely to be removed from India’s captaincy, Vaibhav Suryavanshi and Rajat Patidar likely to join the team

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ