2025 ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ അപരാജിതരായി സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചിരിക്കുകയാണ്. ഒമാനെതിരെ കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന മത്സരത്തില്‍ 21 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
India pick up their third win in as many games! ✌️
അന്താരാഷ്ട്ര ടി-20യില്‍ 250ാം മത്സരമെന്ന ചരിത്രവും ഇന്ത്യ കഴിഞ്ഞ ദിവസം അബുദാബിയില്‍ കുറിച്ചിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് മാത്രം ടീമാണ് ഇന്ത്യ. ഈ ചരിത്രമത്സരത്തില്‍ വിജയം സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 19ാം ടീമിനെതിരെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന്റെ 25ാം മത്സരം കൂടിയായിരുന്നു ഇത്. ഈ വിജയത്തിന് പിന്നാലെ ഒരു റെക്കോഡില്‍ ഒന്നാമനാകാനും സൂര്യയ്ക്ക് സാധിച്ചു.
ക്യാപ്റ്റന്റെ റോളിലെത്തിയ ആദ്യ 25 മത്സരത്തില്‍ ഏറ്റവുമധികം വിജയം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സ്‌കൈ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം 21ാം മത്സരത്തിലാണ് സൂര്യ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നത്.
ആദ്യ 25 മത്സരത്തില്‍ ഇന്ത്യയെ ഏറ്റവുമധികം വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍മാര്‍
(താരം – വിജയം എന്നീ ക്രമത്തില്‍)
സൂര്യകുമാര്‍ യാദവ് – 21*
രോഹിത് ശര്‍മ – 21
വിരാട് കോഹ്‌ലി – 15
എം.എസ്. ധോണി – 13
ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. ഇതിന് ശേഷം ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ ഇന്ത്യ ബൈലാറ്ററല്‍ പരമ്പരകള്‍ കളിച്ചിരുന്നു. ഇതില്‍ ഒന്നില്‍പ്പോലും ഇന്ത്യ പരാജയപ്പെട്ടിരുന്നില്ല.