ഔട്ട് ഓഫ് റണ്‍സില്‍ നിന്ന് ഫോമിലേക്ക്; ലോകകപ്പിന് മുമ്പേ ക്യാപ്റ്റന്റെ ഡബിള്‍ സ്‌ട്രൈക്ക്
Cricket
ഔട്ട് ഓഫ് റണ്‍സില്‍ നിന്ന് ഫോമിലേക്ക്; ലോകകപ്പിന് മുമ്പേ ക്യാപ്റ്റന്റെ ഡബിള്‍ സ്‌ട്രൈക്ക്
ഫസീഹ പി.സി.
Monday, 2nd February 2026, 11:28 am

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി – 20 ഇന്ത്യ സ്വന്തമാക്കിയിരുന്നു. കാര്യവട്ടം സ്റ്റേഡിയത്തിലെ അവസാന മത്സരത്തിലും ജയിച്ചാണ് ടീം ഈ പരമ്പരയ്ക്ക് വിരാമമിട്ടത്. അതോടെ ഇന്ത്യ പരമ്പര 4 -1 തങ്ങളുടെ അക്കൗണ്ടിലെത്തിച്ചു.

പരമ്പരയില്‍ ആദ്യ മൂന്ന് മത്സരത്തില്‍ ജയിച്ച ഇന്ത്യന്‍ സംഘം നാലാം മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍, അവസാനത്തെയും അഞ്ചാമത്തേയും മത്സരം വിജയിച്ച് ലോകകപ്പിന് മുമ്പ് തങ്ങളുടെ ശക്തി ഒരിക്കല്‍ കൂടി ഇന്ത്യ തെളിയിച്ചു.

ഈ പരമ്പര ഇന്ത്യന്‍ ടീമിന് ഒന്നാകെ ഉണര്‍വ് നല്‍കുന്നതിനൊപ്പം തന്നെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും നല്ല ഓര്‍മയാണ് സമ്മാനിച്ചത്. ഏറെ കാലം ഫോം ഔട്ടായിരുന്ന താരം കിവീസിന് എതിരെയുള്ള അഞ്ച് മത്സരങ്ങളിലൂടെയാണ് തന്റെ സ്വത സിദ്ധമായ ശൈലി വീണ്ടെടുത്തത്.

സൂര്യകുമാര്‍ യാദവ്. Photo: BCCI/x.com

സ്‌കൈ ഈ പരമ്പരയില്‍ മൂന്ന് തവണയാണ് അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 242 റണ്‍സാണ് താരം കിവികള്‍ക്ക് എതിരെ അടിച്ചെടുത്തത്. ഈ പ്രകടനങ്ങളുടെ മികവിന് താരത്തിന് പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡും ലഭിച്ചു.

ഇതിനൊപ്പം തന്നെ മറ്റൊരു റെക്കോഡ് സ്വന്തമാക്കാനും സൂര്യക്ക് സാധിച്ചു. ഒരു ടി – 20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന പട്ടമാണ് സ്‌കൈ തന്റെ പേരില്‍ ചാര്‍ത്തിയത്. ഇതാകട്ടെ താരം നേടിയെടുത്തത് മുന്‍ നായകന്‍ വിരാട് കോഹ്ലിയെ മറികടന്നാണ്.

ടി – 20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍

(റണ്‍സ് – താരം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

242 – സൂര്യകുമാര്‍ യാദവ് – ന്യൂസിലാന്‍ഡ് – 2026

231 – വിരാട് കോഹ്ലി – ഇംഗ്ലണ്ട് – 2021

183 – വിരാട് കോഹ്ലി – വെസ്റ്റ് ഇന്‍ഡീസ് – 2019

170 – ശുഭ്മന്‍ ഗില്‍ – സിംബാബ്വെ – 2024

162 – രോഹിത് ശര്‍മ- ശ്രീലങ്ക – 2017

സൂര്യകുമാര്‍ യാദവ്. Photo: BCCI/x.com

ഇന്ത്യക്കാരുടെ ലിസ്റ്റില്‍ സ്‌കൈ ഒന്നാമത്തെത്തിയെങ്കിലും താരം ലോക ക്രിക്കറ്റില്‍ രണ്ടാമതാണ്. ടി – 20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്യാപ്റ്റന്മാരില്‍ മുന്നില്‍ മുന്‍ പാക് നായകന്‍ ബാബര്‍ അസമാണ്. 2022ല്‍ ഇംഗ്ലണ്ടിന് എതിരെ 285 റണ്‍സ് നേടിയാണ് താരം തലപ്പത്ത് നില്‍ക്കുന്നത്.

ടി – 20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്യാപ്റ്റന്മാര്‍

( താരം – ടീം – എതിരാളി – വര്‍ഷം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ബാബര്‍ അസം – പാകിസ്ഥാന്‍ – ഇംഗ്ലണ്ട് – 2022 – 7 – 285

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – ന്യൂസിലാന്‍ഡ് – 2026 – 5 – 242

വിരാട് കോഹ്ലി – ഇന്ത്യ – ഇംഗ്ലണ്ട് – 2021 – 5 – 231

ആദില്‍ ബട്ട് – എസ് വാറ്റിനി – മൊസാംബിക്ക് – 2025 – 5 – 227

ബാബര്‍ അസം – പാകിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക – 2021 – 4 – 210

Content Highlight: Suryakumar Yadav creates history as most runs in a T20 series by an Indian Captain

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി