തിരുമ്പി വന്തിട്ടേന്ന് സൊല്ല്; സൂര്യനുദിച്ചപ്പോള്‍ കടപുഴകിയത് നാല് പേര്‍!
Cricket
തിരുമ്പി വന്തിട്ടേന്ന് സൊല്ല്; സൂര്യനുദിച്ചപ്പോള്‍ കടപുഴകിയത് നാല് പേര്‍!
ഫസീഹ പി.സി.
Friday, 23rd January 2026, 11:17 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ടി – 20യില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2 – 0ന് മുന്നിലെത്തി.

മത്സരത്തില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. താരം 37 പന്തില്‍ 82 റണ്‍സാണ് എടുത്തത്. നാല് സിക്സും 11 ഫോറും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 237.50 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ അഴിഞ്ഞാട്ടം.

സൂര്യകുമാർ യാദവ്. Photo: BCCI/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും സൂര്യക്ക് സ്വന്തമാക്കാനായി. ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ നാലാമതെത്താനാണ് ഇന്ത്യന്‍ ക്യാപ്റ്റന് സാധിച്ചത്. ഇതാകട്ടെ നാല് താരങ്ങളെ ഒരുമിച്ച് പിന്തള്ളിയാണ് എന്നതാണ് ശ്രദ്ധേയം.

രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂര്യ ഈ ലിസ്റ്റില്‍ എട്ടാം സ്ഥാനത്തായിരുന്നു. ഈ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയടിച്ചതോടെയാണ് താരം ഒറ്റയടിക്ക് നാലാം സ്ഥാനം കരസ്ഥമാക്കിയത്. നിലവില്‍ താരത്തിന് 398 റണ്‍സാണുള്ളത്.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – റണ്‍സ് – ഇന്നിങ്സ് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 17 – 511

കോളിന്‍ മര്‍നോ -12 – 426

കെയ്ന്‍ വില്യംസണ്‍ -13 – 419

സൂര്യകുമാര്‍ യാദവ് – 10 – 398

മാര്‍ട്ടിന്‍ ഗുപ്തില്‍ – 16 – 380

റോസ് ടെയ്ലര്‍ -13 – 349

ടിം സീഫേര്‍ട്ട് -12 – 346

കെ.എല്‍. രാഹുല്‍ – 8 – 322

വിരാട് കോഹ്ലി – 10 – 311

ഇഷാൻ കിഷൻ. Photo: BCCI/x.com

മത്സരത്തില്‍ സൂര്യക്ക് പുറമെ, ഇന്ത്യക്കായി ഇഷാന്‍ കിഷനും അര്‍ധ സെഞ്ച്വറി നേടി. താരം 32 പന്തില്‍ 76 റണ്‍സാണ് എടുത്തത്. ഒപ്പം 18 പന്തില്‍ പുറത്താവാതെ 36 റണ്‍സെടുത്ത ശിവം ദുബെയും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.

Content Highlight: Suryakumar Yadav became fourth player to score most runs in India vs New Zealand T20is

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി