സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും മത്സരം അഹമ്മദാബാദില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടിയാസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്. നിലവില്‍ 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് ഇന്ത്യ നേടിയത്.
അവസാനമായി ഇന്ത്യയ്ക്ക് നഷ്ടമായത് ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനേയാണ്. ഇത്തവണയും തിളങ്ങാന്‍ സാധിക്കാതെയാണ് ക്യാപ്റ്റന്‍ കളം വിട്ടത്. കഴിഞ്ഞ മത്സരങ്ങളിലൊന്നും തന്നെ സൂര്യയ്ക്ക് മികവ് തെളിയിക്കാന്‍ സാധിച്ചില്ലായിരുന്നു.
ഇതോടെ ഒരു നാണക്കേടിന്റെ റെക്കോഡും സൂര്യയുടെ തലയില്‍ വീണിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ തവണ ഒറ്റസംഖ്യയില്‍ പുറത്തായ താരമായി മാറുകയാണ് സൂര്യ. ഈ നാണംകെട്ട റെക്കോഡില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനൊപ്പമാണ് ക്യാപ്റ്റന്‍ സൂര്യയും. ഗില്‍ 2023ല്‍ ഒമ്പത് തവണ ഒറ്റസംഖ്യയില്‍ പുറത്തായപ്പോള്‍ സൂര്യ 2025ലും ഒമ്പത് തവണയും പുറത്തായി. ലിസ്റ്റില്‍ മുന്‍ താരം ദിനേശ് കാര്‍ത്തിക്കും മോശക്കാരനായിട്ടുണ്ട്.
അതേസമയം 21 പന്തില്‍ 34 റണ്‍സ് നേടിയ അഭിഷേക് ശര്‍മയേയും 22 പന്തില്‍ 37 റണ്‍സ് നേടിയ സഞ്ജു സാംസണേയും നേരത്തെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തുന്നത് 27 പന്തില്‍ 46 റണ്‍സ് നേടിയ തിലക് വര്‍മയും ഏഴ് പന്തില്‍ 31 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയുമാണ്.
പ്രോട്ടിയാസിന് വേണ്ടി കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റും ജോര്‍ജ് ലിന്‍ഡെ ഒരു വിക്കറ്റുമാണ് നിലവില്‍ നേടിയത്.