ഇത് ഗംഭീര സിനിമ; ഹാറ്റ്‌സ് ഓഫ് മഹി; ടേക്ക് ഓഫിനെ പുകഴത്തി തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ
Movie Day
ഇത് ഗംഭീര സിനിമ; ഹാറ്റ്‌സ് ഓഫ് മഹി; ടേക്ക് ഓഫിനെ പുകഴത്തി തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd April 2017, 4:28 pm

ചെന്നൈ: എഡിറ്റര്‍ മഹേഷ് നാരായണന്റെ ആദ്യ ചിത്രം ടേക്ക ഓഫ് ഗംഭീര സിനിമയെന്ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ. സിനിമയുടെ എല്ലാ മേഖലകളിലും അതിന്റെ തിളക്കം പ്രകടമാണെന്നും സൂര്യ ട്വിറ്ററില്‍ കുറിച്ചു. സിനിമ കണ്ട ശേഷം സംവിധായകന്‍ മഹേഷ് നാരായണനൊപ്പമുള്ള ചിത്രം ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു സൂര്യ സിനിമയെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്.

ടേക്ക് ഓഫ് ഒരുപാട് ഇഷ്ടമായെന്നും എല്ലാ ഫ്രെയിമുകളും മികവ് പുലര്‍ത്തിയെന്നുമായിരുന്നു ചിത്രം കണ്ടശേഷം താരത്തിന്റെ പ്രതികരണം.


രാജേഷ് പിള്ള ഫിലിംസിന് വേണ്ടി മഹേഷ് നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഇറാഖ് ആഭ്യന്തര യുദ്ധ കാലത്ത് അവിടെ കുടുങ്ങിയ നഴ്‌സുമാരുടെ കഥയാണ് പറയുന്നത്. പ്രദര്‍ശനത്തിനെത്തുന്നതിനു മുമ്പേ നഴ്‌സുമാരുടെ ജീവിത കഥയെന്ന പേരിലും ഇറാഖില്‍ കുടുങ്ങിയ നഴ്‌സുമാരെ തിരിച്ചെത്തിച്ച യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരം എന്ന നിലയിലും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ചിത്രമായിരുന്നു ടേക്ക് ഓഫ്.


നഴ്‌സുമാരുടെ ജീവിതവും മുഹൂര്‍ത്തങ്ങളും കൃത്യതയോടെ തിരശ്ശീലയില്‍ പകര്‍ന്നാടിയ താരങ്ങളുടെ അഭിനയ മികവ് കൂടിയാണ് റിലീസിങ്ങിനു ശേഷം ചലച്ചിത്ര ലോകം ചര്‍ച്ചചെയ്യുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനും പി.വി ഷജില്‍കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥഒരുക്കിയിരിക്കുന്നത്.