തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയ്ക്ക് പിന്നാലെ ആദ്യപ്രതികരണവുമായി അതിജീവിത. വിചാരണ കോടതി പുറപ്പെടുവിച്ച വിധിയില്‍ അത്ഭുതമില്ലെന്നും 2020ന്റെ അവസാനം തന്നെ ചില അന്യമായ നീക്കങ്ങള്‍ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും അതിജീവിത പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അതിജീവിതയുടെ പ്രതികരണം.
കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള വിധി, തന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും അതിജീവിത കുറിച്ചു.
നിയമത്തിന്റെ മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന് ഈ നിമിഷം തിരിച്ചറിയുന്നുവെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന നീതി ബോധമുള്ള ന്യായാധിപന്മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അതിജീവിത പറഞ്ഞു.
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി തന്റെ ഡ്രൈവറായ ജീവനക്കാരനോ അല്ലായിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി. ഇത്തരം പ്രചരണങ്ങള്‍ ശുദ്ധമായ നുണയാണെന്നും 2016ല്‍ താന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനില്‍ നിന്നും നിയോഗിക്കപ്പെട്ട ഒരാള്‍ മാത്രമായിരുന്നു സുനിയെന്നും അതിജീവിത പറയുന്നു.
അഭിരുചിക്കനുസരിച്ച് കഥകള്‍ പറയുന്നത് നിര്‍ത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കേസിലെ കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയില്‍ നിന്നും മാറ്റം സംഭവിക്കുമെന്നത് പ്രോസിക്യൂഷന് മനസിലായിരുന്നുവെന്നും അതിജീവിത കുറിച്ചു.
കഴിഞ്ഞ എട്ട് വര്‍ഷക്കാലം തന്നെ ചേര്‍ത്തുനിര്‍ത്തിയവരോട് നന്ദി പറഞ്ഞുകൊണ്ടാണ് അതിജീവിതയുടെ പോസ്റ്റ്. കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടാനുണ്ടായ കാരണങ്ങളും അതിജീവിത ചൂണ്ടിക്കാട്ടുന്നുണ്ട്.
തന്റെ അടിസ്ഥാന ആവകാശങ്ങള്‍ പോലും സംരക്ഷിക്കപ്പെട്ടില്ലെന്നാണ് അതിജീവിത പറയുന്നത്. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് മൂന്ന് തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നുമുള്ള കണ്ടെത്തല്‍ ചൂണ്ടിക്കാട്ടിയാണ് പരാമര്‍ശം.
ഒരു ന്യായമായ വിചാരണയ്ക്ക് വേണ്ടി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയപ്പോള്‍, പ്രതിഭാഗം ഇതേ ജഡ്ജി തന്നെ കേസ് തുടര്‍ന്നും പരിഗണിക്കണമെന്ന ആവശ്യവുമായി ഹരജിയില്‍ കക്ഷി ചേര്‍ന്നു. രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയിലെ അന്തരീക്ഷം ചൂണ്ടിക്കാട്ടി രാജിവെച്ചതും അതിജീവിത ഓര്‍മിപ്പിച്ചു.
താന്‍ ഉന്നയിച്ച പല ആവശ്യങ്ങളും നിഷേധിക്കപ്പെടുകയാണ് ഉണ്ടായതെന്നും പരാമര്‍ശമുണ്ട്. പോസ്റ്റില്‍, പണം വാങ്ങി അധിക്ഷേപകരമായ കമന്റുകളും നുണക്കഥകളും ഉപയോഗിച്ച് തന്നെ അക്രമിക്കുന്നവരോട് അത് തുടര്‍ന്നോളൂവെന്നും അതിജീവിത പറയുന്നുണ്ട്.
Content Highlight: Survivor first reaction to verdict in actress attack case