നാല് വര്‍ഷമായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിച്ചിട്ടില്ല; മുഖ്യമന്ത്രിയിലാണ് ഇനി പ്രതീക്ഷ; ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിത
Kerala
നാല് വര്‍ഷമായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിച്ചിട്ടില്ല; മുഖ്യമന്ത്രിയിലാണ് ഇനി പ്രതീക്ഷ; ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിത
രാഗേന്ദു. പി.ആര്‍
Saturday, 10th January 2026, 9:06 am

തിരുവനന്തപുരം: എല്ലാ സമ്മര്‍ദങ്ങളെയും തങ്ങള്‍ അതിജീവിച്ചുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിത. നീതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അതിജീവിത പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആദ്യമായി തന്റെ പേരും മുഖവും വെളിപ്പെടുത്തിക്കൊണ്ടാണ് അതിജീവിതയുടെ തുറന്നുപറച്ചില്‍.

അതിജീവിതകളോട് പ്രതികരിക്കാൻ പറയില്ലെന്നും വെളിപ്പെടുത്തലുകള്‍ക്ക് ശേഷമുള്ള സമ്മര്‍ദങ്ങള്‍ സഹിക്കാന്‍ കഴിയുമെങ്കില്‍ മാത്രം കാര്യങ്ങള്‍ തുറന്നുപറയാമെന്നും സിസ്റ്റര്‍ റാനിറ്റ് പറഞ്ഞു. അല്ലാത്തപക്ഷം അവര്‍ ഒറ്റപ്പെടും, തകര്‍ക്കപ്പെടും, മാനസികാരോഗ്യം തകർക്കപ്പെടും. അതുകൊണ്ട് പ്രതികരിക്കണമെന്ന് പറയില്ല. പ്രതികരിക്കേണ്ടെന്ന് പറയാനാകില്ലെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.

സഭയ്ക്കുള്ളില്‍ മാറ്റം വന്നുതുടങ്ങിയിട്ടുണ്ടെന്നും വേട്ടക്കാര്‍ക്ക് പഴയ വീര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും അതിജീവിത പറഞ്ഞു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. ഒരു തവണ കോട്ടയം എസ്.പി മുഖേനയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അത് തള്ളപ്പെട്ടു. സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അതിജീവിത പറഞ്ഞു.

ഇരയാക്കപ്പെട്ടവര്‍ക്ക് ഒപ്പമാണെന്ന് പറയുന്ന ആ വാക്ക് പ്രവൃത്തിയില്‍ ഉണ്ടെങ്കില്‍ മാത്രമേ അതിജീവിച്ചവര്‍ക്ക് അതൊരു മുതല്‍കൂട്ടാവുകയുള്ളൂവെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഒരു വ്യക്തിയോടല്ല തങ്ങള്‍ യുദ്ധം ചെയ്യുന്നത്, അധികാരികളോട് കൂടിയാണ്. അവരുടെയെല്ലാം നിശബ്ദതയാണ് ഇവിടെ വരെ എത്തിച്ചതെന്നും ആരും തങ്ങള്‍ക്ക് വേണ്ടി വായ തുറന്ന് സംസാരിച്ചിട്ടില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

മരണം വരെ കന്യാസ്ത്രീ ആയിരിക്കുമെന്നും സിസ്റ്റര്‍ റാനിറ്റ് വ്യക്തമാക്കി. തന്റെ മുഖവും പേരും വെളിപ്പെടുത്തികൊണ്ടുള്ള ഈ തുറന്നുപറച്ചില്‍ ഒരു പുതിയ പോരാട്ടമാണെന്നും ഇനിയും മറഞ്ഞിരുന്നിട്ട് കാര്യമില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

ലോകത്തിന്റെ പലയിടങ്ങളില്‍ ഇരുന്നുകൊണ്ട് തങ്ങള്‍ക്ക് വേണ്ടി സംസാരിച്ച ഒരുപാട് മനുഷ്യരുണ്ട്. തങ്ങള്‍ ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്ന് അവരെ അറിയിക്കാന്‍ കൂടിയാണ് തുറന്നുപറച്ചില്‍ നടത്തുന്നതെന്നും സിസ്റ്റര്‍ റാനിറ്റ് പറഞ്ഞു.

Content Highlight: Survivor of Franco Mulakkal case, said they have overcome all pressures

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.