കൊച്ചി: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. സമൂഹമാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വര്‍ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും യുവതി പരാതിയില്‍ പറയുന്നു.
രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണസംഘം മേധാവി പൂങ്കുഴലിക്ക് നല്‍കിയ പരാതി സൈബര്‍ പൊലീസിന് കൈമാറി. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിനാണ് പരാതി കൈമാറിയത്.
രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥയുടെ ലംഘനം നടത്തിയോ എന്ന് പൊലീസ് പരിശോധിക്കും.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതി. കേസില്‍ രാഹുല്‍ ഈശ്വര്‍ 16 ദിവസം റിമാന്‍ഡിലായിരുന്നു. ശേഷമാണ് രാഹുലിന് ജാമ്യം ലഭിച്ചത്.
അതിജീവിതയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയായിരുന്നു രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.
തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എ.സി.ജെ.എം കോടതി തള്ളിയതോടെ രാഹുല്‍ ജയിലില്‍ നിരാഹാര സമരമാരംഭിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചത്.