കൊല്‍ക്കത്ത: പ്രതി ചെയ്തത് കുറ്റകൃത്യമാണെങ്കിലും അതിജീവിത അങ്ങനെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി. പോക്‌സോ കേസിലാണ് സുപ്രീം കോടതിയുടെ വിധി. അതിജീവിതയെ വിവാഹം ചെയ്ത വ്യക്തിയുടെ ശിക്ഷയാണ് കോടതി തടഞ്ഞത്. പശ്ചിമ ബംഗാളില്‍ നിന്നുമുള്ള പോക്‌സോ കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ അഭയ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അസാധാരണമായ ഉത്തരവ് പുരത്തിറക്കിയത്. അതിജീവിത നിലവില്‍ പ്രതിയുടെ ഭാര്യയാണെന്നും അവര്‍ ഇതൊരു കുറ്റകൃത്യമായി കാണുന്നില്ലെന്നും സംഭവത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായെന്നും കോടതി പറഞ്ഞു.
കേസില്‍ അതിജീവിതയുടെ ഭാഗം വിശദമായി പഠിക്കാന്‍ സുപ്രീം കോടതി നിയമിച്ച വിദഗ്ദസമിതിയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.
അതിജീവിത ഇതൊരു കുറ്റകൃത്യമായി കണക്കാക്കിയിട്ടില്ലെന്നും സമൂഹവും കുടുംബവും നിയമവ്യവസ്ഥയും അവളെ പരാജയപ്പെടുത്തുകയായിരുന്നുവെന്നും കോടതി പറഞ്ഞു. തത്ഫലമായി അതിജീവിതയ്ക്ക് പൊലീസില്‍ നിന്നും നിയമ്യവസ്ഥയില്‍ നിന്നും പ്രതിയെ രക്ഷിക്കാന്‍ നിരന്തരം പോരാടേണ്ടി വന്നുവെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. അതിജീവിതയ്ക്ക് പ്രതിയുമായി വൈകാരികമായ അടുപ്പമുണ്ടെന്നും കോടതി പറഞ്ഞു.
അതേസമയം കേസ് എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്ന ഒന്നാണെന്നും നിയമവ്യവസ്ഥയിലെ പോരായ്മകളാണ് ഇതെടുത്ത് കാണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
നേരത്തെ ഈ കേസില്‍ പ്രതിയെ കൊല്‍ക്കത്ത ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പിന്നാലെ കേസ് സുപ്രീം കോടതിയുടെ പക്കലെത്തുകയും കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി റദ്ദാക്കുകയും ചെയ്തിരുന്നു. ശിക്ഷ നടപ്പാക്കുന്നതിലും കോടതി സ്‌റ്റേ ചെയ്തിരുന്നു.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയ്ക്ക് 14 വയസുള്ളപ്പോള്‍ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി 26 വയസുള്ള ആളെ വിവാഹം ചെയ്തതായി വിവരം ലഭിക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ കുടുംബം യുവാവിനെതിരെ പോക്‌സോ കേസ് കൊടുക്കുകയും കേസില്‍ പ്രതിയെ കോടതി കുറ്റക്കാരനായി വിധിക്കുകയുമായിരുന്നു. 20 വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്.
പിന്നാലെയാണ് 2023ല്‍ കൊല്‍ക്കത്ത ഹൈക്കോടതി യുവാവിനെ കുറ്റവിമുക്തനാക്കിയത്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക പ്രേരണകള്‍ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞത് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പെടുകയുമായിരുന്നു.
Content Highlight: Survival is not considered a crime; Supreme Court acquits accused in POCSO case