ചെന്നൈ: വിജയ് ആരംഭിച്ച രാഷ്ട്രീയപാര്‍ട്ടി തമിഴക വെട്രി കഴകം (ടി.വി.കെ) നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് സഹായകമാകുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. മൂഡ് ഓഫ് ദി നേഷന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്രം ഭരിക്കുന്നുണ്ടെങ്കിലും ബി.ജെ.പിക്ക് തമിഴ്‌നാട് ഇപ്രാവശ്യവും അപ്രാപ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും മൂന്ന് സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്ക് പരമാവധി ലഭിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെ തന്നെ അടുത്ത തവണ അധികാരത്തിലെത്തുമെന്നും സര്‍വേയില്‍ പറയുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ ഡി.എം.കെ. നടത്തിയ പ്രക്ഷോഭങ്ങള്‍ പൊതുജന പിന്തുണ നേടിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ഡി.എം.കെ വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ വിജയ്‌യുടെ ടി.വി.കെ ഗുണം ചെയ്യുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതും സ്റ്റാലിന് ശുഭസൂചനയാണ്. ബി.ജെ.പി- എ.ഐ.എ.ഡി.എം.കെ പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം വീണ്ടും ശക്തമായത് തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിക്ക് ചെറിയ രീതിയില്‍ മാത്രമേ ഗുണം ചെയ്യുള്ളൂവെന്നും പറയപ്പെടുന്നു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രസിഡന്റ് അണ്ണാമലൈ വലിയ രീതിയില്‍ പ്രചരണം നടത്തിയെങ്കിലും ഒരൊറ്റ സീറ്റില്‍ പോലും വിജയിച്ചിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയിരിക്കുകയാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ചെറിയ ചലനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്.
2025 ജൂലൈ ഒന്നിനും ഓഗസ്റ്റ് 14 നും ഇടയില്‍ ഇന്ത്യാ ടുഡേ-സീ വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ (എം.ഒ.ടി.എന്‍) നടത്തിയ വോട്ടെടുപ്പില്‍ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലെയും 54,788 വ്യക്തികളില്‍ നിന്നാണ് സര്‍വേ നടത്തിയത്. പുതിയ എം.ഒ.ടി.എന്‍ സര്‍വേ ഡാറ്റ തമിഴ്‌നാട്ടിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള കാഴ്ചയാണ് സമ്മാനിച്ചത്.
ഡി.എം.കെയുടെ ഭരണത്തില്‍ നിരാശരായ വോട്ടര്‍മാരെ വിജയ്‌യുടെ ടി.വി.കെ ആകര്‍ഷിക്കുമെന്നും എ.ഐ.എ.ഡി.എം.കെ.യുടെ വോട്ട് അടിത്തറയെ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അനലിറ്റിക്‌സ് വിദഗ്ധര്‍ കരുതുന്നു. ഇങ്ങനെ സംഭവിച്ചാല്‍, ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകുമെന്നും ഇത് ഡി.എം.കെയ്ക്ക് പരോക്ഷമായി ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു. അതേ സമയം രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കിക്കൊണ്ട് വോട്ടര്‍ അധികാര്‍ യാത്രയില്‍ വിജയ് പങ്കെടുത്തേക്കുമെന്നും വാര്‍ത്തകളുണ്ട്.
Content Highlight: Survey says that Vijay’s TVK party split the votes of AIADMK and BJP