ബി.ജെ.പി വാദം പൊളിയുന്നു; ഗ്യാസ് കണക്ഷന്‍ ഉപേക്ഷിച്ച് വിറകടുപ്പിലേക്ക് മാറുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
national news
ബി.ജെ.പി വാദം പൊളിയുന്നു; ഗ്യാസ് കണക്ഷന്‍ ഉപേക്ഷിച്ച് വിറകടുപ്പിലേക്ക് മാറുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th November 2021, 3:46 pm

കൊല്‍ക്കത്ത: അനിയന്ത്രിതമായ പാചകവാതക വില താങ്ങാനാവാതെ ഗ്രാമീണര്‍ വിറകടുപ്പിലേക്ക് മാറിയതായി റിപ്പോര്‍ട്ട്. ദി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പശ്ചിമ ബംഗാളിലെ ഝാര്‍ഗ്രം, വെസ്റ്റ് മിഡ്‌നാപൂര്‍ എന്നിവിടങ്ങളിലെ ഉള്‍ഗ്രാമങ്ങളിലുള്ള 42 ശതമാനം കുടുംബങ്ങള്‍ പാചകവാതക സിലിണ്ടറുകള്‍ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രധാന്‍മന്ത്രി ഉജ്വല യോജന വഴി രാജ്യത്തെ എല്ലായിടത്തും ഗ്യാസ് കണക്ഷന്‍ ലഭ്യമായി എന്ന വാദങ്ങളെ പൊളിക്കുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്.

‘ഝാര്‍ഗ്രമിലേയും വെസ്റ്റ് മിഡ്‌നാപൂരിലേയും 13 ബ്ലോക്കുകളിലെ 100 പഞ്ചായത്തുകളിലായി 560 കുടുംബങ്ങളിലാണ് ഞങ്ങള്‍ സര്‍വേ നടത്തിയത്. ഇതില്‍ 42 ശതമാനം പേരും ഗ്യാസ് കണക്ഷന്‍ ഒഴിവാക്കി വിറകുകളിലേക്ക് മടങ്ങിയതായി കാണുന്നു,’ സര്‍വേ നടത്തിപ്പുകാരിലൊരാളായ പ്രവത് കുമാര്‍ പറയുന്നു.

2016 ലാണ് പ്രധാന്‍മന്ത്രി ഉജ്വല യോജന പദ്ധതി പുറത്തിറക്കിയത്. 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന പ്രചരാണയുധമായിരുന്നു ഇത്.

രാജ്യത്തെ 98 ശതമാനം പേരും പദ്ധതിയുടെ ഉപയോക്താക്കളായി എന്നായിരുന്നു ബി.ജെ.പിയുടെ പ്രചരണം.

എന്നാല്‍ പദ്ധതി പ്രകാരം ഗ്യാസ് കണക്ഷന്‍ എടുത്തവരില്‍ നല്ലൊരു ശതമാനം പേരും ഇതില്‍ നിന്ന് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2020 സെപ്റ്റംബറില്‍ 620.50 രൂപയുണ്ടായിരുന്ന ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 2021 നംവബര്‍ 5 ന് 926 രൂപയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം 

Content Highlight: Survey reveals 42% gave up LPG cylinders due to price hike