13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അടിച്ച അടിയില്‍ ബോക്‌സ് ഓഫീസ് വീണു; 300 കോടി പിന്നിട്ട് കറുപ്പ്
Indian Cinema
13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അടിച്ച അടിയില്‍ ബോക്‌സ് ഓഫീസ് വീണു; 300 കോടി പിന്നിട്ട് കറുപ്പ്
അശ്വിന്‍ രാജേന്ദ്രന്‍
Friday, 29th May 2026, 10:45 pm

തമിഴ് സിനിമയില്‍ വിജയിക്കും രജിനിക്കും ശേഷം സ്റ്റാര്‍ വാല്യൂവുള്ള താരമായിരുന്നു നടിപ്പിന്‍ നായകന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സൂര്യ. എന്നാല്‍ നീണ്ട പതിമൂന്ന് വര്‍ഷം തിയേറ്ററില്‍ നിന്നും ഒരു ഹിറ്റ് പോലുമില്ലാതെ നിറം മങ്ങിപ്പോയ താരത്തെയായിരുന്നു തമിഴകത്ത് കണ്ടത്. ബോക്‌സ് ഓഫീസില്‍ താരത്തിന് അടിപതറിയതോടെ കേരളത്തിലടക്കമുള്ള സൂര്യ ആരാധകരും വലിയ നിരാശയിലായിരുന്നു. എന്നാല്‍ എല്ലാവരുടെയും സങ്കടത്തിന് അറുതിയായിക്കൊണ്ടായിരുന്നു ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് മെയ് 15ന് തിയേറ്ററുകളിലേക്കെത്തിയത്.

കറുപ്പ് . Photo: District

എന്നാല്‍ ഇത് വെറുമൊരു ആശ്വാസ വരവല്ലെന്നും നീണ്ട 13 വര്‍ഷം കാത്തിരുന്ന ആരാധകര്‍ക്ക് അര്‍മാദിക്കാനായുള്ള ചിത്രമാണെന്നും തെളിയിച്ചുകൊണ്ട് 300 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് കറുപ്പ്. റിലീസ് ചെയ്ത് രണ്ടാഴ്ച്ച പിന്നിടുമ്പോഴാണ് 300 കോടിയെന്ന മാര്‍ക്കും പിന്നിട്ട് സൂര്യ ചിത്രം കുതിക്കുന്നത്. ഒരുപാട് പ്രതിസന്ധികള്‍ പിന്നിട്ടായിരുന്നു കറുപ്പ് തിയേറ്ററുകളിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റിവെക്കുകയായിരുന്നു. പിന്നീട് മെയ് 14ന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചെങ്കിലും നിര്‍മാതാക്കളുടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഫസ്റ്റ് ഷോകള്‍ ക്യാന്‍സലാക്കേണ്ടി വരികയായിരുന്നു. സൂര്യ തന്നെ നേരിട്ട് ഇടപെട്ടായിരുന്നു ചിത്രം മെയ് 15 ന് തിയേറ്ററുകളിലെത്തിച്ചത്.

തമിഴ്‌നാട്ടിലെ പല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്താണ്‌ കറുപ്പിന്റെ വിജയക്കുതിപ്പ്. വേള്‍ഡ്വൈഡ് കളക്ഷനില്‍ അജിത്തിന്റെ ഹൈയസ്റ്റ് കളക്ഷനായ 258 കോടി കറുപ്പ് ഇതിനോടകം മറികടന്നു. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷന്‍ കൂടിയായിരുന്നു ഗുഡ് ബാഡ് അഗ്ലിയിലേത്. ചെന്നൈയില്‍ ഒരു സിനിമയുടെ ഏറ്റവുമുയര്‍ന്ന കളക്ഷനും കറുപ്പ് തന്റെ പേരിലാക്കി. 34.2 കോടിയാണ് ചിത്രം ചെന്നൈ സിറ്റിയില്‍ നിന്ന് സ്വന്തമാക്കിയത്. വിജയ്യുടെ കരിയര്‍ ഹൈയസ്റ്റ് ഗ്രോസറായ ലിയോയെ മറികടന്നാണ് കറുപ്പിന്റെ ഈ നേട്ടം. 30 കോടിയായിരുന്നു ലിയോയുടെ ചെന്നൈ കളക്ഷന്‍.

കറുപ്പ് . Photo: Scinik

അടുത്തൊന്നും തമിഴ്‌നാട്ടില്‍ വലിയ റിലീസില്ലാത്തതിനാല്‍ ചിത്രത്തിന്റെ കളക്ഷന്‍ ഇനിയും ഉയര്‍ന്നേക്കും. അതേസമയം പ്രോമിസിങ് പ്രൊജക്ടുകളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. ജീത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ 47ഉം, വെങ്കി അല്‍ത്തൂരിയുടെ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും തിയേറ്ററുകളിലെത്തുന്നതോടെ വിജയ്‌യുടെ അഭാവത്തില്‍ തമിഴ് സിനിമ സൂര്യ അടക്കിഭരിക്കും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

Content Highlight: Suriya’s karuppu enter in 300 crore club worldwide

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.