ഡെലൂലുവിന് മാത്രമല്ല, പ്രഭേന്ദുവിനും സൂര്യയുടെയും ജ്യോതികയുടെയും ഗിഫ്റ്റുണ്ട് കേട്ടോ, ഫോട്ടോ പങ്കുവെച്ച് നിവിന്‍ പോളി
Malayalam Cinema
ഡെലൂലുവിന് മാത്രമല്ല, പ്രഭേന്ദുവിനും സൂര്യയുടെയും ജ്യോതികയുടെയും ഗിഫ്റ്റുണ്ട് കേട്ടോ, ഫോട്ടോ പങ്കുവെച്ച് നിവിന്‍ പോളി
അമര്‍നാഥ് എം.
Friday, 20th February 2026, 10:33 pm

തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ ഹിറ്റാവുക എന്നത് അധികം സിനിമകള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കാത്ത കാര്യമാണ്. എന്നാല്‍ അടുത്തകാലത്ത് അത്തരത്തില്‍ ഹിറ്റായ ചിത്രമാണ് സര്‍വ്വം മായ. നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹാങ്ങോവര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുപോയിട്ടില്ല.

സര്‍വ്വം മായയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഷിബുവിനെ അഭിനന്ദിച്ച് തമിഴ് താരങ്ങളായ സൂര്യയും ജ്യോതികയും രംഗത്തെത്തിയിരുന്നു. ഇരുവരും അഭിനന്ദിച്ച കത്ത് റിയ ഷിബു തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നിവിന്‍ പോളിയെയും ഇരുവരും അഭിനന്ദിച്ചിരിക്കുകയാണ്.

സൂര്യയും ജ്യോതികയും അയച്ചുതന്ന ഗിഫ്റ്റ് ഹാമ്പറിന്റെയും കത്തിന്റെയും ചിത്രം നിവിന്‍ പോളി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സര്‍വ്വം മായയിലെ നിവിന്റെ കഥാപാത്രത്തിന്റെ ചിത്രവും ഗിഫ്റ്റ് ഹാമ്പറിലുണ്ട്. സര്‍വ്വം മായയുടെ വിജയത്തില്‍ നിവിന്‍ പോളിക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് കത്ത് ആരംഭിക്കുന്നത്.

നിവിന്റെ പ്രകടനം വളരെ സ്‌പെഷ്യലാണെന്നും അനായാസമായാണ് കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും കത്തില്‍ പറയുന്നുണ്ട്. ആദ്യാവസാനം എന്‍ഗേജ് ചെയ്താണ് ചിത്രം കണ്ടതെന്നും ചിത്രത്തിന് ലഭിക്കുന്ന സ്‌നേഹത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്നും സൂര്യയും ജ്യോതികയും പറയുന്നു. മുന്നോട്ടുള്ള യാത്രയില്‍ ഇങ്ങനെ ഓര്‍ത്തിരിക്കാനുള്ള ഒരുപാട് കഥാപാത്രങ്ങള്‍ ലഭിക്കട്ടെ എന്നു പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

റിയ ഷിബുവിന് അയച്ച കത്തിന് പിന്നാലെ നിവിന് അയച്ച കത്തും വൈറലായി. ഭാഷാതിര്‍ത്തികള്‍ കടന്ന് സര്‍വ്വം മായ വിജയമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ചിത്രം ഹിറ്റായതിന് പിന്നാലെ തമിഴ് സിനിമാപേജുകളും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സ്റ്റാര്‍ കാസ്റ്റുകളൊന്നുമില്ലാതെ കണ്ടന്റിന്റെ ബലം കൊണ്ട് മലയാള സിനിമകള്‍ മറ്റ് ഇന്‍ഡസ്ട്രികളുടെ മുന്നില്‍ ചര്‍ച്ചയായിരിക്കുകയാണ്.

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ തിയേറ്ററില്‍ വന്‍ വിജയം സ്വന്തമാക്കി. ക്രിസ്മസ് റിലീസായെത്തിയ സര്‍വ്വം മായ 150 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. നിവിന്‍ പോളി, റിയ ഷിബു, പ്രീതി മുകുന്ദന്‍, അജു വര്‍ഗീസ്, ജനാര്‍ദനന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Content Highlight: Suriya and Jyothika appreciated Nivin Pauly’s performance in Sarvam Maya

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം