16 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സഞ്ജുവിന് സാധിക്കും; പിന്തുണയുമായി റെയ്‌ന
Cricket
16 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സഞ്ജുവിന് സാധിക്കും; പിന്തുണയുമായി റെയ്‌ന
ശ്രീരാഗ് പാറക്കല്‍
Thursday, 29th January 2026, 7:38 pm

ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ സെഞ്ച്വറി നേടുമെന്ന് മുന്‍ താരം സുരേഷ് റെയ്‌ന. ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ ഏക താരമാണ് സുരേഷ് റെയ്‌ന. 2010ലെ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയാണ് എലൈറ്റ് ലിസ്റ്റില്‍ എതിരാളികളില്ലാതെ റെയ്‌ന വാഴുന്നത്.

എന്നാല്‍ വരാനിരിക്കുന്ന ലോകകപ്പില്‍ തന്റെ റെക്കോഡിനൊപ്പമെത്താന്‍ മലയാളി താരം സഞ്ജു സാംസണിന് സാധിക്കുമെന്നാണ് റെയ്‌ന പറയുന്നത്. മാത്രമല്ല ഈ ലിസ്റ്റില്‍ അഭിഷേക് ശര്‍മയ്ക്കും ഇഷാന്‍ കിഷനും സാധ്യതയുണ്ടെന്ന് റെയ്‌ന പറഞ്ഞു.

സഞ്ജു സാംസണ്‍

‘അദ്ദേഹം ബാറ്റിങ്ങില്‍ ഓപ്പണറാണ്, അദ്ദേഹത്തിന് നേടാനുള്ള കഴിവുമുണ്ട്. സൗത്ത് ആഫ്രിക്കയില്‍ അദ്ദേഹം ഇതിനകം സെഞ്ച്വറി നേടിയിട്ടുണ്ട്. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും ലിസ്റ്റിലുണ്ട്. അവരില്‍ ഒരാള്‍ക്കും അതിന് സാധിക്കും. എന്തും സംഭവിക്കാം പക്ഷെ ഈ ടി-20 ലോകകപ്പില്‍ സഞ്ജുവിന് ഒരു സെഞ്ച്വറി നേടാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു.

ഫോം താല്‍ക്കാലികമാണെന്ന് ഞാന്‍ കരുതുന്നു. സഞ്ജുവിന് നിലവാരമുണ്ട്. ഇന്ത്യയ്ക്കായി കളിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ, വര്‍ഷങ്ങളായി അദ്ദേഹം റണ്‍സ് നേടുന്നു. ടി-20 ക്രിക്കറ്റില്‍ അദ്ദേഹം ധാരാളം റണ്‍സ് നേടിയിട്ടുണ്ട്.

സൂര്യകുമാര്‍ യാദവിനെ നോക്കൂ. ഒരു വര്‍ഷമായി അദ്ദേഹം റണ്‍സ് നേടിയിട്ടില്ല. പക്ഷേ, പരിശീലകന്‍ അദ്ദേഹത്തെ പിന്തുണച്ചു. സഞ്ജുവിന്റെ കാര്യത്തിലും ഇതേ പിന്തുണയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അവസരം ലഭിച്ചാല്‍ അദ്ദേഹം തീര്‍ച്ചയായും മികച്ച പ്രകടനം കാഴ്ചവെയ്ക്കും,’ റെയ്ന പറഞ്ഞു.

അതേസമയയം കിവീസിനെതിരായ നാലാം മത്സരത്തില്‍ സഞ്ജു സാംസണ്‍ 15 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും അടക്കം 24 റണ്‍സ് നേടിയാണ് മടങ്ങിയത്. ആദ്യ മത്സരത്തില്‍ 10ഉം രണ്ടാം മത്സരത്തില്‍ 6ഉം മൂന്നാം മത്സരത്തില്‍ പൂജ്യവുമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. സ്വന്തം നാട്ടില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു വമ്പന്‍ പ്രകടനം തന്നെ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും വിജയിച്ച ഇന്ത്യ നേരത്തെ തന്നെ സീരീസ് സ്വന്തമാക്കി കഴിഞ്ഞു. ജനുവരി 31നാണ് പരമ്പരയിലെ അവസാന മത്സരം. തിരുവനന്തപുരമാണ് വേദി.

Content Highlight: Suresh Raina Talks Sanju Samson Will Hit A Hundred In 2026 T20 World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ