ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കി: റെയ്‌ന പ്രതിഷേധത്തില്‍
DSport
ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കി: റെയ്‌ന പ്രതിഷേധത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2012, 1:12 pm

ന്യൂദല്‍ഹി: ഇംഗ്ലണ്ടിനെതിരെ ഈ മാസം 15 ന് അലഹബാദില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിനുള്ള ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടതില്‍ സുരേഷ് റെയ്‌നയ്ക്ക് കടുത്ത നിരാശ.

ഗാസിയാബാദില്‍ ദല്‍ഹിക്കെതിരെ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിന്റെ വേളയിലാണ് ഉത്തര്‍പ്രദേശ് നായകന്‍ സുരേഷ് റെയ്‌ന ടീമില്‍നിന്ന് തന്നെ ഒഴിവാക്കിയ വിവരം അറിയുന്നത്.[]

തുടര്‍ന്ന് ടീമിനൊപ്പമുള്ള ഉച്ചഭക്ഷണം റെയ്‌ന ഒഴിവാക്കി. തീര്‍ത്തും നിരാശനായി കാണപ്പെട്ട റെയ്‌ന ആരോടും സംസാരിക്കാന്‍ പോലും തയാറായില്ല.

ഉത്തര്‍പ്രദേശ് ജയിച്ചതിന് പിന്നാലെ ഗാസിയാബാദ് ജില്ലാ അസോസിയേഷന്‍ നല്‍കിയ മൊമെന്റോ സ്വീകരിക്കാതെ റെയ്‌ന സ്ഥലംവിട്ടു. എന്നാല്‍ റെയ്‌നയുടെ പെരുമാറ്റം നിര്‍ഭാഗ്യകരമായെന്ന് കോച്ച് വെങ്കിടേഷ് പ്രസാദ് പ്രതികരിച്ചു.

അതേസമയം വിമര്‍ശകര്‍ക്കെതിരെ പ്രതികരിച്ചുകൊണ്ടായിരുന്നു ടീമിലെത്തിയതിന്റെ സന്തോഷം ഹര്‍ഭജന്‍ സിങ് പങ്കുവച്ചത്. വിക്കറ്റിന്റെ എണ്ണം മാത്രംവച്ച് നല്ല ബോളറെ അളക്കരുത്. മികവുറ്റ ബോളിങ് രീതികളും നിരീക്ഷിക്കപ്പെടേണ്ടതാണ്.

വിക്കറ്റിനനുസരിച്ച് ബോളറുടെ റോളില്‍ വ്യത്യാസം വരാം. ഇതുവരെ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തവര്‍ പോലും എന്നെക്കുറിച്ച് ഓരോന്ന് എഴുതിപ്പിടിപ്പിക്കുന്നു.

എങ്കിലും എക്കാലത്തും ഈ വിമര്‍ശനം വണ്‍വേ ട്രാഫിക് ആകാന്‍ പാടില്ലല്ലോ. വോണിനെയും മുരളിയെയും പോലെ ഇതിഹാസ താരങ്ങള്‍ പോലും വിക്കറ്റ് നേടാത്ത എത്രയോ മല്‍സരങ്ങളില്‍ പങ്കെടുത്തിരിക്കുന്നു. ഞാനൊരു മജീഷ്യനൊന്നുമല്ലല്ലോ. മോശം കാലം എനിക്കും വരാം.-ഹര്‍ഭജന്‍ പറഞ്ഞു.