എന്റെ മകനാണ് ഏറ്റവും വലിയ ക്രിട്ടിക്ക്: സുരേഷ് കൃഷ്ണ
Malayalam Cinema
എന്റെ മകനാണ് ഏറ്റവും വലിയ ക്രിട്ടിക്ക്: സുരേഷ് കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th July 2025, 11:41 am

സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരേഷ് കൃഷ്ണ. വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ച് കൊണ്ട് അദ്ദേഹം മലയാളസിനിമയിലേക്ക് അരങ്ങേറി. 24 വര്‍ഷത്തെ കരിയറില്‍ സുരേഷ് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കരിയറിന്റെ തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധ നല്‍കിയ സുരേഷ് കൃഷ്ണ പിന്നീട് കോമഡിയിലേക്ക് ചേക്കേറുകയായിരുന്നു. ആദ്യ സിനിമകളിലെ സ്വഭാവം കാരണം കണ്‍വിന്‍സിങ് സ്റ്റാര്‍ എന്ന ടാഗും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒടുവില്‍ പുറത്തിറങ്ങിയ മരണമാസ്സിലെ വേഷം ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഇപ്പോള്‍ തന്റെ മകന്‍ ഒരു ഫിലിം ക്രിട്ടിക്കാണെന്ന് സുരേഷ് കൃഷ്ണ പറയുന്നു.

‘എന്റെ മകനാണ് ഏറ്റവും വലിയ ക്രിട്ടിക്. മകന്‍ ഈ ഫീല്‍ഡില്‍ നല്ല ടേസ്റ്റ് ഉള്ള ഒരാളാണ്. അവന്‍ എല്ലാ ഭാഷയിലുള്ള സിനിമകളും കാണുന്ന ഒരാളാണ്. ഇഷ്ടപ്പെട്ടെങ്കില്‍ ഇഷ്ടപ്പെട്ടു എന്നുതന്നെ പറയും. ഇഷ്ടപ്പെട്ടില്ല എന്നുണ്ടെങ്കില്‍ ഇല്ല എന്നുള്ളത് പച്ചക്ക് തുറന്ന് പറയും,’ അദ്ദേഹം പറഞ്ഞു.

സിനിമ ഇറങ്ങി ആദ്യ ദിവസം തന്നെ അത് കണ്ടു കഴിഞ്ഞാല്‍ കൃത്യമായ ഒരു മറുപടി മകനില്‍ നിന്നുണ്ടാകുമെന്നും സിനിമ വിജയിക്കാന്‍ പ്രയാസമാണ് തുടങ്ങിയ കാര്യങ്ങള്‍ക്ക് മകന് കൃത്യമായ പറയുകയും അത് ശരിയാകാറുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തിയേറ്ററുകളില്‍ അധികം ഓടാത്ത സിനിമകളൊക്കെ ഉണ്ടാകുമല്ലോ. അതില്‍ അവന് ഇഷ്ടപ്പെട്ടിട്ടുള്ള ഒരുപാട് സിനിമകള്‍ ഉണ്ടാകും, എന്നാലും അവന്‍ അത് പറയും. പടം ബെസ്റ്റാണ് പക്ഷേ ഇതിന് കളക്ഷന്‍ അത്ര വരാന്‍ വഴിയില്ല, എന്നീ കാര്യങ്ങള്‍. അല്ലെങ്കില്‍ ചില സിനിമ ഒ.ടി.ടിയില്‍ വരുമ്പോള്‍ ഇതിന് കിട്ടാന്‍ പോകുന്ന പ്രതികരണം ഇങ്ങനെയായിരിക്കും. അത്തരത്തില്‍ സംസാരിക്കാറുണ്ട്,’സുരേഷ് കൃഷ്ണ പറയുന്നു.

Content Highlight: Suresh Krishna says his son is a film critic