ഒ.ടി.ടി.യില്‍ സിനിമ കണ്ട് തിയേറ്റില്‍ മിസ്സായിപോയി എന്ന് പറയുന്നവരോട് എനിക്ക് ദേഷ്യം തോന്നും: സുരേഷ് കൃഷ്ണ
Malayalam Cinema
ഒ.ടി.ടി.യില്‍ സിനിമ കണ്ട് തിയേറ്റില്‍ മിസ്സായിപോയി എന്ന് പറയുന്നവരോട് എനിക്ക് ദേഷ്യം തോന്നും: സുരേഷ് കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 31st July 2025, 8:34 pm

സീരിയല്‍ രംഗത്ത് കരിയര്‍ തുടങ്ങി ഇന്ന് സിനിമയില്‍ അറിയപ്പെടുന്ന നടനാണ് സുരേഷ് കൃഷ്ണ.
വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലന്‍ വേഷം അവതരിപ്പിച്ച് കൊണ്ടാണ് അദ്ദേഹം സിനിമയിലെത്തിയത്. തന്റെ കരിയറില്‍ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച സുരേഷ് കൃഷ്ണയെ വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാളികള്‍ക്ക് കൂടുതല്‍ പരിചയം.

വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്ന അദ്ദേഹം പിന്നീട് കോമഡിയിലേക്ക് ചേക്കേറുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മരണമാസ്സിലെ വേഷം ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ.

‘ഒരു സിനിമ തിയേറ്ററില്‍ നിന്ന് പോയതിന് ശേഷം പിന്നീട് ഒ.ടി.ടിയില്‍ വരുമ്പോള്‍ അയ്യോ ഞങ്ങള്‍ക്ക് മിസ്സായി പോയി നല്ല സിനിമയായിരുന്നുവെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വളരെ വിഷമം തോന്നും. അപ്പോള്‍ വിഷമവും ദേഷ്യവും വരാറുണ്ട് എനിക്ക്,’ നടന്‍ പറയുന്നു.

തനിക്കൊരിക്കലും ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ സിനിമ വീട്ടില്‍ ഇരുന്ന് എന്‍ജോയ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. തന്റെ വീട്ടിലൊക്കെ എല്ലാവരും ഇരുന്ന് കാണുന്നുണ്ടെങ്കിലും, തനിക്കൊരിക്കലും അത് എന്‍ജോയ് ചെയ്യാന്‍ പറ്റാറില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘വീട്ടില്‍ ഇരിക്കുമ്പോള്‍ ഇത് നമ്മളുടെ വീടാണെന്നും അതുപോലെ മനസില്‍ കുറെ കാര്യങ്ങള്‍ വരും അപ്പോള്‍ എനിക്ക് ഫോക്കസ് ചെയ്യാന്‍ പറ്റാറില്ല. എത്ര മോശം സിനിമയാണെങ്കിലും അത് തീയേറ്ററില്‍ ഇരുന്ന് കാണുമ്പോള്‍ വേറൊരു സുഖം തന്നെയാണ്. അതുകൊണ്ട് തന്നെ സിനിമ തിയേറ്ററില്‍ ഓടുക എന്നത് മാത്രമാണ് ടെക്നീഷ്യനാണെങ്കിലും ആര്‍ട്ടിസ്റ്റാണെങ്കിലും ആഗ്രഹിക്കുക. തിയേറ്ററില്‍ നിന്ന് കിട്ടുന്ന കയ്യടിയും പ്രതികരണവുമാണ് വലുത്’സുരേഷ് കൃഷ്ണ പറയുന്നു.

Content Highlight:  Suresh Krishna is talking about the OTT platform