കൊച്ചി: ഛത്തീസഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാദര്‍ പോള്‍ തേലക്കാട്. തൃശൂരില്‍ നിന്ന് സുരേഷ് ഗോപി ജയിച്ചത് കത്തോലിക്കരുടെ വോട്ട് നേടിയാണെന്ന കാര്യം സുരേഷ് ഗോപിയും ബി.ജെ.പിയും ഓര്‍ക്കുന്നുണ്ടോയെന്ന് ഫാ. പോള്‍ തേലക്കാട് ചോദിച്ചു. ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതേ ബി.ജെ.പിക്കാരാണ് നിരന്തരം മെത്രാന്റെ ഭവനത്തില്‍ കയറി കേക്ക് മുറിക്കുകയും ആശംസ ചൊല്ലുകയും ചെയ്തത്. ഇതൊക്കെ കാപട്യമാണെന്നാണ് ഇപ്പോള്‍ മനസിലാവുന്നത്. ഇത് ബി.ജെ.പിയുടെ കാപട്യമാണെന്നതിന്റെ ദുഖകരമായ ചിത്രങ്ങളാണ് നമ്മള്‍ ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്. ഇതാണ് നമ്മള്‍ നേരിടുന്ന പ്രതിസന്ധി. ഹിന്ദു മതത്തോട് യാതൊരുവിധ വിരോധമോ വിദ്വേഷമോ തങ്ങള്‍ക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മറിച്ച് ഹിന്ദുത്വയെന്ന മൗലികവാദത്തേയും ഫാഷിസത്തേയുമാണ് തങ്ങള്‍ എതിര്‍ക്കുന്നത്.
രാജ്യത്തിന്റെ ഭരണഘടന, മനുഷ്യര്‍ തമ്മിലുള്ള ഐക്യം, സാഹോദര്യം എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന കാര്യം തുടങ്ങിയ കാര്യങ്ങളില്‍ ബജ്‌റംഗ്ദള്‍ പോലുള്ള സംഘടനകള്‍ വിശ്വിസിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.
ആഢ്യബ്രാഹ്‌മണ്യം നടപ്പിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. തൊട്ടുകൂടായ്മ നടപ്പിലാക്കാനാണ് അവരുടെ ശ്രമം. ഭരണഘടനയെ വെല്ലുവിളിക്കുകയാണവര്‍. ഇത് നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് കഴിയില്ല എന്നത് വലിയൊരു വെല്ലുവിളിയാണ്.
ഇക്കാര്യങ്ങള്‍ പറയേണ്ട നരേന്ദ്ര മോദിയേയും അമിത് ഷായേയും പോലുള്ളവര്‍ മൗനം പാലിക്കുകയാണ്. നോര്‍ത്ത് ഈസ്റ്റില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് അവരെ പോയി കാണാന്‍ സാധിക്കുന്നില്ല എന്നത് വലിയ ആശങ്കയാണ്. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ പ്രതികരിക്കുന്നവരെ ഇ.ഡിയെക്കൊണ്ട് പീഡിപ്പിക്കുകയാണ്. ഇതാണ് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം.
ബി.ജെ.പി പ്രീണനം നടത്തുകയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ നടത്തുന്നതും പ്രീണനമാണ്. കേരളത്തിലെ മെത്രാന്മാര്‍ എന്താണ് ചെയ്തത് എന്ന് എല്ലാവര്‍ക്കുമറിയാം. ബി.ജെ.പിയെ പ്രീണിപ്പിക്കുകയും ഇവരുടെ കേക്ക് കഴിക്കുകയും പ്രധാനമന്ത്രിയെ ഈസ്റ്ററിന് പോയി കെട്ടിപ്പിടിക്കുകയും ചെയ്തവരാണ്.
അന്ന് ഇവരാരും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം ഓര്‍ത്തില്ലേ? ഇവിടെ ശക്തമായ മുസ്‌ലിം വിരോധം പടര്‍ത്തുന്നതില്‍ മെത്രാന്മാര്‍ക്ക് പോലും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചാലെ വോട്ട് കിട്ടൂ എന്ന് ബി.ജെ.പിക്ക് നന്നായി അറിയാം.
കേരളത്തില്‍ മുസ്‌ലിം വിരോധം വര്‍ധിപ്പിക്കുന്ന ബി.ജെ.പി അജണ്ടയില്‍ വീണ് പോവുകയാണ് മെത്രാന്മാര്‍. ഇതാണ് ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധി. രാഷ്ട്രീയം എങ്ങോട്ടേക്കാണ് പോകുന്നതെന്ന് തിരിച്ചറിയാനുള്ള ബോധം എല്ലാവര്‍ക്കും ഉണ്ടാകണം. ഇതിനെതിരെ ജനങ്ങള്‍ ഒരുമിക്കണമെന്നും ഫാദര്‍ പോള്‍ തേലക്കാട് പറഞ്ഞു.
Content Highlight: Suresh Gopi won by buying the votes of Catholics; Bishops also have a role in spreading anti-Muslim sentiment: Fr. Paul Thelakkad