സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, കെ. സുരേന്ദ്രന് രാജ്യസഭാ സീറ്റും; സ്ഥിരീകരിച്ച് ദേശീയ നേതൃത്വം
Kerala News
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, കെ. സുരേന്ദ്രന് രാജ്യസഭാ സീറ്റും; സ്ഥിരീകരിച്ച് ദേശീയ നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th June 2024, 9:34 am

തിരുവനന്തപുരം: തൃശൂരിലെ ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കുമെന്ന് അറിയിച്ച് ദേശീയ നേതൃത്വം. ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ദേശീയ നേതൃത്വം അറിയിച്ചു.

കാബിനറ്റ് മന്ത്രി സ്ഥാനമാണോ അതോ സഹമന്ത്രിയാണോ എന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് രാജ്യസഭാ സീറ്റും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്ന് രണ്ട് മന്ത്രിമാരെങ്കിലും ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകളും തുടരുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ തൃശൂരിലെ വിജയത്തിന് പിന്നാലെ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചത്.

രാജ്യസഭയില്‍ ഒഴിവ് വരുന്നത് അനുസരിച്ച് കെ. സുരേന്ദ്രന് സീറ്റ് നല്‍കുമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചത്. ഇതിന് വേണ്ടി സംസ്ഥാന പ്രസിഡന്റ് പദവി രാജി വെക്കേണ്ട ആവശ്യമില്ലെന്നും രണ്ട് പദവികളും ഒരുമിച്ച് കൊണ്ടുപേകാമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്.

തൃശൂരില്‍ 70,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.

Content Highlight: Suresh Gopi will be the Union Minister; bjp Confirmed national leadership