ദേശീയതക്ക് ഊന്നല്‍ നല്‍കുന്ന മുസല്‍മാനാണ് മൂസ; മലപ്പുറം ഭാഷയില്‍ സംസാരിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല: സുരേഷ് ഗോപി
Entertainment news
ദേശീയതക്ക് ഊന്നല്‍ നല്‍കുന്ന മുസല്‍മാനാണ് മൂസ; മലപ്പുറം ഭാഷയില്‍ സംസാരിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th September 2022, 1:15 pm

സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മേ ഹൂം മൂസ. താരത്തിന്റെ രാഷ്ട്രീയം കൊണ്ടുതന്നെ സിനിമ റിലീസിന് മുമ്പേ തന്നെ ഏറെ ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ നടന്നിരുന്നു. ദേശീയതക്ക് ഊന്നല്‍ നല്‍കുന്ന മുസല്‍മാനായ മൂസയുടെ കഥയാണ് മേം ഹൂം മൂസയുടേതെന്ന് പറയുകയാണ് സുരേഷ് ഗോപി.

”പാപ്പന് ശേഷം ഞാന്‍ ചെയ്ത ചിത്രമാണ് മേം ഹൂം മൂസ. സിനിമയുടെ മഹിമയെ കുറിച്ചൊന്നും എനിക്ക് പറയാനില്ല. റിലീസ് ചെയ്ത് കഴിഞ്ഞ് നിങ്ങള്‍ വിലയിരുത്തുന്നത് വരെ ഒരഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും എനിക്കില്ല.

എങ്കിലും നിങ്ങളുടെ മുന്നില്‍ അവതരിക്കാന്‍ പോകുന്ന ഒരു കഥ, ഒരു സിനിമാരൂപം എന്ന നിലയില്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരുറപ്പ് എന്തായാലും തരുന്നു. ഞാന്‍ ഇതിന് മുമ്പ് എന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനൊരു വേഷത്തിലും ഭാവത്തിലും രൂപത്തിലും നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവില്ല.

ഇത്രയും സോളും ഇന്റഗ്രിറ്റിയുമുള്ള, ദേശീയതക്ക് ഊന്നല്‍ നല്‍കുന്ന ഒരു മുസല്‍മാനായി ഞാന്‍ സിനിമയില്‍ നിങ്ങളുടെ മുന്നില്‍ എത്തുകയാണ്, മേം ഹൂം മൂസയിലൂടെ.

മലപ്പുറം ഭാഷയില്‍ സംസാരിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എഴുത്തുകാരനായ രൂപേഷ് എന്നെ സഹായിക്കാന്‍ വേണ്ടി സെറ്റിലുണ്ടായിരുന്നു. എനിക്ക് തോന്നുന്നു ഈ സിനിമയില്‍ ഏറ്റവും മനോഹരമായി മലപ്പുറം ഭാഷ സംസാരിച്ചിരിക്കുന്നത് വീണ തന്നെയാണ്. ഷൂട്ടിന്റെ സമയത്ത് അശ്വിനി സംസാരിച്ചത് മണിപ്രവാളമോ മറ്റോ ആണ്.

പൂനം ബജ്‌വയുടെ കാര്യം പറയുകയാണെങ്കില്‍, അവസരം കിട്ടിയാന്‍ അഭിനയമികവ് പ്രകടിപ്പിക്കാന്‍ പ്രാപ്തിയുള്ള ഒരു നടിയാണ് താനെന്ന് തെളിയിക്കാന്‍ അവര്‍ ഇത്രയും കാലം ചെയ്ത സിനിമകളല്ല, ഈ മൂസയാണ് അവരെ പ്രൊജക്ട് ചെയ്യാന്‍ പോകുന്നത് എന്ന വിശ്വാസം എനിക്കുണ്ട്,” സുരേഷ് ഗോപി പറഞ്ഞു.

സെപ്റ്റംബര്‍ 30നാണ് മേ ഹൂം മൂസ റിലീസ് ചെയ്യുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അശ്വിനി റെഡ്ഡി, പൂനം ബജ്‌വ, സുധീര്‍ കരമന, സൈജു ക്കുറുപ്പ്, ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ദ, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Suresh Gopi talks about his new character Moosa in Mei Hoom Moosa