ആശുപത്രിയിലാണെന്ന ബന്ധപ്പെട്ട വാര്‍ത്തകള്‍ തെറ്റ്; ഇപ്പോഴും ഷൂട്ടിലാണ്: സുരേഷ് ഗോപി
Film News
ആശുപത്രിയിലാണെന്ന ബന്ധപ്പെട്ട വാര്‍ത്തകള്‍ തെറ്റ്; ഇപ്പോഴും ഷൂട്ടിലാണ്: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th May 2023, 12:50 pm

താന്‍ ആശുപത്രിയിലാണെന്ന തരത്തില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ തെറ്റെന്ന് സുരേഷ് ഗോപി. പൂര്‍ണ ആരോഗ്യവാനാണെന്നും ഗരുഡന്റെ ഷൂട്ടിങ് ലൊക്കേഷനിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. സുഖ വിവരം അന്വേഷിച്ച് മെസേജ് അയച്ച എല്ലാവര്‍ക്കും നന്ദിയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ സുരേഷ് ഗോപി പറഞ്ഞു.

‘ഞാന്‍ ആശുപത്രിയിലാണെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണ്. ദൈവകൃപയാല്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുന്നു. ആലുവ യു.സി. കോളേജില്‍ ഗരുഡന്റെ ലൊക്കേഷനില്‍ ഷൂട്ടിലാണ്. ഒരിക്കല്‍ കൂടി സുഖവിവരങ്ങള്‍ അന്വേഷിച്ച് അയച്ച സന്ദേശങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി,’ സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപി ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിനിമയുടെ ഷൂട്ടിങ്ങിനിടെ പതിവ് ആരോഗ്യ പരിശോധനകള്‍ക്കായാണ് സുരേഷ് ഗോപി ആശുപത്രിയിലെത്തിയതെന്നും പരിശോധനയില്‍ എല്ലാം സാധാരണ നിലയില്‍ ആണെന്നു കണ്ടതോടെ താരം ആശുപത്രി വിടുകയായിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗരുഡന്‍. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്.

ബിജു മേനോന്‍, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയ്‌സ് ജോസ്, രഞ്ജിത്ത് കങ്കോള്‍, രഞ്ജിനി, മാളവിക എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ.

Content Highlight: Suresh Gopi says that the news that he is in the hospital is wrong