എന്റെ അപ്പോത്തിക്കിരി ഉള്‍പ്പടെയുള്ള സിനിമകള്‍ കേരളത്തിന്റെ കടമ്പ കടന്ന് പോയിട്ടില്ല; അത് ഇവിടെ നിന്ന് കടത്തി വിടാത്ത ജൂറിമാരെ എനിക്കറിയാം: സുരേഷ് ഗോപി
Malayalam Cinema
എന്റെ അപ്പോത്തിക്കിരി ഉള്‍പ്പടെയുള്ള സിനിമകള്‍ കേരളത്തിന്റെ കടമ്പ കടന്ന് പോയിട്ടില്ല; അത് ഇവിടെ നിന്ന് കടത്തി വിടാത്ത ജൂറിമാരെ എനിക്കറിയാം: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th November 2025, 1:23 pm

രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് ശേഷം തന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട് വിള്ളലുകള്‍ ഉണ്ടായെന്ന് നടനും കേന്ദ്ര സഹന്ത്രിയുമായ സുരേഷ് ഗോപി. മലയാള മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘1998ലാണ് കളിയാട്ടം എന്ന സിനിമക്ക് ദേശീയ പുസ്‌കാരം വാങ്ങാന്‍ ഞാന്‍ ദല്‍ഹിയില്‍ എത്തിയത്. പിന്നീട് കളിയാട്ടത്തിന് ശേഷമുള്ള നിര്‍മാണ പ്രവര്‍ത്തനമായിരുന്നു ജലമര്‍മരം. അതു കഴിഞ്ഞ് എന്റെ പ്രാഫൈലില്‍ എന്ത് ഫാക്ടറാണ് പ്രശ്‌നമായതെന്ന് എനിക്കറിയില്ല. ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്, എന്റെ രാഷ്ട്രീയം വലിയ പ്രശ്‌നമായിരുന്നു എന്നത്,’ സുരേഷ് ഗോപി പറയുന്നു.

2014 മാര്‍ച്ച് അഞ്ചിന് അപ്പോത്തിക്കിരിയുടെ സെറ്റില്‍ നിന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ച് താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ അദ്ദേഹത്തിന്റെ പടയോടൊപ്പം പോയെന്നും സുരേഷ് ഗോപി പറയുന്നു. അതിന് ശേഷം തന്റെ സിനിമയിലെ തലവരയുടെ തിളക്കത്തിന് ഒരുപാട് വിഖാതങ്ങള്‍ ഉണ്ടായിക്കൊണ്ടേ ഇരുന്നുവെന്നും അതുകൊണ്ട് അന്നിറങ്ങിയ അപ്പോത്തിക്കിരി എന്ന സിനിമ കേന്ദ്ര ജൂറി കണ്ടോ എന്ന് പോലും തനിക്ക് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ കടമ്പ കടന്ന് ആ സിനിമകളൊന്നും ദല്‍ഹിയിലോട്ട് വന്നിട്ടില്ലെന്നും പാപ്പന്‍, കാവല്‍, ഗരുഡന്‍, വരനെ ആവശ്യമുണ്ട് എന്നീ സിനിമകളൊന്നും കേരളത്തിന്റെ കടമ്പ വിട്ട് എങ്ങോട്ടും പോയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

‘പാവം ബിജു മേനോന് ചിലപ്പോള്‍ ഗരുഡന്‍ എന്ന സിനിമയില്‍ അഭിനയിത്തിനുള്ള അവാര്‍ഡ് കിട്ടി പോയേനേ, എന്റെ രാഷ്ട്രീയം കാരണം അതിനൊരു വിഖാതം സംഭവിച്ചു. കേരളത്തില്‍ നിന്ന് അത് കടത്തിവിടാത്ത ജൂറിയിലെ രണ്ട് പേരേ എനിക്കറിയാം. റീജിയണല്‍ കമ്മിറ്റിയിയിലുള്ള രണ്ട് പേരെയറിയാം…

ഒരിക്കില്‍ ഗരുഡന്‍ എന്ന സിനിമയുടെ പ്രൊഡ്യൂസര്‍ ലിസ്റ്റിന്‍ സ്റ്റീഫനും നവാഗത സംവിധായകനായ അരുണ്‍ വര്‍മയും എന്നോട് റിക്വസ്റ്റ് ചെയ്ത് പറഞ്ഞു, മന്ത്രിയായി ചോദിക്കണ്ട ഈ സിനിമയുടെ കലാകാരന്‍ എന്ന് നിലക്ക് ചോദിച്ചൂടെ ആ സിനിമയെ പരിഗണിക്കാത്തത് എന്താണെന്ന്.

ഒരു കലാകാരനായി താങ്കള്‍ക്ക് ഗവര്‍ണമെന്റിനെതിരെ സംസാരിച്ച് കൂടെ എന്ന് ബ്രിട്ടാസ് എന്നോട് ചോദിച്ചിട്ടുണ്ട്. റീജിയണല്‍ കമ്മിറ്റി ഈ സിനിമ റിജക്ട് ചെയ്തുവെന്ന് ഞാന്‍ എന്റെ ഐ.എം.ബി സെക്രട്ടറിയോട് പറഞ്ഞു.

എന്തെങ്കിലും ഒരു പോംവഴിയുണ്ടോ അത് കേന്ദ്ര ജൂറിയെ ഒന്ന് കാണിക്കുന്നതിന് എന്ന് ചോദിച്ചു. നിങ്ങള്‍ ഒരു യൂണിയന്‍ മിനിസ്റ്റര്‍ ആയിടത്തോളം ആ സിനിമയുടെ ഭാഗമാണെങ്കില്‍ ഞങ്ങള്‍ ഈ സിനിമയെ പരിഗണിക്കില്ല എന്നാണ് എനിക്ക് റിപ്ലെ ലഭിച്ചത്. എന്റെ സര്‍ക്കാരിന്റെ നട്ടെലിനെ ഞാന്‍ ബഹുമാനിക്കുന്നു,’ സുരേഷ് ഗോപി പറയുന്നു.

Content highlight: Suresh Gopi says his political career has caused a rift in his film career