ഏറ്റവും വലിയ ജില്ല ആലപ്പുഴയെന്ന് സുരേഷ് ഗോപി, ആലപ്പുഴക്ക് അത്രയും വലിയ പദവി തന്നതിന് നന്ദിയെന്ന് ട്രോള്‍
Kerala
ഏറ്റവും വലിയ ജില്ല ആലപ്പുഴയെന്ന് സുരേഷ് ഗോപി, ആലപ്പുഴക്ക് അത്രയും വലിയ പദവി തന്നതിന് നന്ദിയെന്ന് ട്രോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th September 2025, 9:14 am

തൃശൂര്‍: കേരളത്തില്‍ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്ന് ആവര്‍ത്തിക്കുന്നതിനിടെ മണ്ടത്തരം വിളമ്പി തൃശൂര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ആലപ്പുഴയില്‍ എയിംസിനായി താന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരാണ് അതിന് തടസം നില്‍ക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

താന്‍ രാജ്യസഭാ എം.പിയായ കാലം മുതല്‍ക്ക് കേരളത്തിലേക്ക് എയിംസ് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ടെന്നും ഇപ്പോഴാണ് അതിന് സാധിച്ചതെന്നും സുരേഷ് ഗോപി വാദിച്ചു. വികസനമെത്താത്ത ആലപ്പുഴയിലാണ് എയിംസ് വരേണ്ടതെന്ന് പറഞ്ഞതിന് ശേഷമാണ് കേന്ദ്രമന്ത്രി മണ്ടത്തരം വിളമ്പിയത്. കേരളത്തിലെ ഏറ്റവും വലിയ ജില്ല ആലപ്പുഴയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഇപ്പോള്‍ ആലപ്പുഴ വികസനമൊന്നും ലഭിക്കാതെ പിന്നോട്ട് നില്‍ക്കുകയാണ്. എയിംസ് ഇവിടെ വരികയാണെങ്കില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെല്ലാം അത് വലിയ മാറ്റങ്ങളുണ്ടാക്കും. ഇന്‍ഫ്രാസ്ട്രക്ചറെല്ലാം ഉയരും. ഏറ്റവും വലിയ ജില്ലയാണ് ആലപ്പുഴ. ജന സാന്ദ്രത കൂടുതല്‍ മലപ്പുറത്താണെങ്കിലും വലിയ ജില്ല ആലപ്പുഴയാണ്’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

പിന്നാലെ സുരേഷ് ഗോപിക്ക് സോഷ്യല്‍ മീഡിയയില്‍ തലങ്ങും വിലങ്ങും ട്രോള്‍ ലഭിക്കുകയാണ്. ‘ആലപ്പുഴയെ ഏറ്റവും വലിയ ജില്ലയാക്കി മാറ്റിയ സുരേഷ് ഗോപി എം.പിക്ക് അഭിവാദ്യങ്ങള്‍’, ‘ഏറ്റവും വലിയ ജില്ല ഇടുക്കിയും ജന സാന്ദ്രത കൂടിയത് തിരുവനന്തപുരത്തും ആണെന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് പോലും അറിയാം’, ‘ആലപ്പുഴക്ക് ഇത്രയും വലിയ പദവി നല്‍കിയ സുരേഷ് ഗോപിക്ക് നന്ദി’ തുടങ്ങി ഒരുപാട് കമന്റുകള്‍ വീഡിയോക്ക് താഴെ പലരും പങ്കുവെച്ചു.

ഇത്രക്ക് വിവരമില്ലാത്തയാളാണോ കോടീശ്വരന്‍ പരിപാടിയില്‍ അവതാരകനായി വന്നതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. തൃശൂര്‍ എടുത്തതുപോലെ ആലപ്പുഴയും എടുക്കാനാണോ ശ്രമമെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്. ഇടുക്കിയെയും പാലക്കാടിനെയും പിന്തള്ളി ആലപ്പുഴ ഏറ്റവും വലിയ ജില്ലയാകാന്‍ കുതിക്കുന്നു എന്നും കമന്റുകളുണ്ട്.

കലുങ്ക് സദസിലെ സംഭാഷണത്തിനിടെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. എയിംസ് കൊണ്ടുവരേണ്ടത് ആലപ്പുഴയിലാണെന്ന കേന്ദ്ര മന്ത്രിയുടെ അഭിപ്രായത്തിനെതിരെ ബി.ജെ.പിയില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കാസര്‍ഗോഡാണ് എയിംസ് വരേണ്ടതെന്ന് അഭിപ്രായപ്പെട്ട് ബി.ജെ.പി മേഖല പ്രസിഡന്റ് കെ. ശ്രീകാന്ത് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

Content Highlight: Suresh Gopi said Alappuzha is the biggest district in Kerala