എനിക്ക് പൊലീസാകാന്‍ കഴിയില്ല, സിനിമ സെറ്റുകളില്‍ ലഹരിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തട്ടെ: സുരേഷ് ഗോപി
Entertainment news
എനിക്ക് പൊലീസാകാന്‍ കഴിയില്ല, സിനിമ സെറ്റുകളില്‍ ലഹരിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തട്ടെ: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th May 2023, 5:35 pm

സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തേണ്ടതും പറയേണ്ടതും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്ന് സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ ആദ്യം പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരുടെ നിരന്തര ആവശ്യങ്ങള്‍ക്കൊടുവിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഈ വിഷയത്തില്‍ എന്റെ അഭിപ്രായമല്ല പ്രധാനം, ഉദ്യോഗസ്ഥരാണ് അത് പറയേണ്ടത്. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള വിവരങ്ങളെല്ലാം ഓരോരുത്തരുടെയും കണ്ടെത്തലും മനസിലാക്കലുകളുമാണ്. അവര്‍ സമൂഹത്തിന്റെ സുരക്ഷക്ക് വേണ്ടി ചില കാര്യങ്ങള്‍ പുറത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. ആ വിവരങ്ങളുടെ സത്യസന്ധത അന്വേഷിക്കേണ്ടതുണ്ട്. അത് സത്യമാണെങ്കില്‍, അതിനകത്തൊരു ശുദ്ധീകരണം ആവശ്യമുണ്ടെങ്കില്‍ നാട്ടില്‍ നിലനില്‍ക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയും ശുദ്ധീകരണ പ്രക്രിയ നടക്കുകയും വേണം. അതില്‍ ഉദ്യോഗസ്ഥരുടെയും ഭരണകൂടത്തിന്റെയും പിന്തുണയുണ്ടായിരിക്കണം. അതേ ആ വിഷയത്തില്‍ ചെയ്യാന്‍ പറ്റൂ. അല്ലാതെ എനിക്ക് പൊലീസുകാരനാകാന്‍ കഴിയില്ല,’ സുരേഷ് ഗോപി പറഞ്ഞു.

ഷൈന്‍ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലിക്കുകള്‍ക്ക് പിന്നാലെയാണ് സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗം നടക്കുന്നു എന്ന ചര്‍ച്ച വീണ്ടും സജീവമായത്. പിന്നാലെ ടിനി ടോമും സിനിമയില്‍ ലഹരിയുടെ സാന്നിധ്യം ഉണ്ടെന്ന് പറഞ്ഞിരുന്നു. ലഹരി ഉപയോഗം പേടിച്ചാണ് തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിടാതിരുന്നതെന്നും ലഹരി ഉപയോഗിച്ച് ഒരു നടന്റെ പല്ലുകള്‍ പൊടിഞ്ഞതായും ടിനി ടോം പറഞ്ഞിരുന്നു.

കേരള യൂണിവേഴ്‌സിറ്റി കലോത്സവ വേദിയില്‍ വെച്ചായിരുന്നു ടിനി ടോമിന്റെ പ്രതികരണം. ഈ വെളിപ്പെടുത്തലുകളുടെ കൂടി അടിസ്ഥാനത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയുടെ പ്രതികരണം തേടിയത്.

content highlight: Suresh Gopi on the use of drugs on film sets