തിരുവനന്തപുരം: ബി.ജെ.പിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടു നിന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. അമിത്ഷാ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാതെ കോട്ടയത്തെയും കൊച്ചിയിലെയും സ്വകാര്യ പരിപാടികളിലായിരുന്നു ഇന്ന് സുരേഷ് ഗോപി പങ്കെടുത്തത്.
ഓഫീസിന്റെ ഉദ്ഘാടനത്തിലും പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന വാര്‍ഡ് തല ഭാരവാഹികളുടെ പൊതു സമ്മേളനത്തിലും സുരേഷ് ഗോപി പങ്കെടുത്തിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതിന് അമിത് ഷായോട് നേരത്തെ അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് സുരേഷ് ഗോപിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ കേരളത്തിലെ പാര്‍ട്ടിയുടെ ഏറെ കാലത്തെ സ്വപ്‌നങ്ങളിലൊന്നായ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള ഏക എം.പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വിട്ടു നിന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയിലും നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ തിരുവനന്തപുരത്തെ ബി.ജെ.പിയുടെ പുതിയ സംസ്ഥാന ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഏറ്റവും വലിയ ഓഫീസാണ് തിരുവനന്തപുരത്ത് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട മാരാര്‍ജി ഭവന്‍. ഈ മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നാണ് സുരേഷ് ഗോപി വിട്ടു നിന്നത്.
ഓഫീസ് ഉദ്ഘാനത്തിന് ശേഷമാണ് അമിത് ഷാ വാര്‍ഡ് തല ഭാരവാഹികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. കേരളത്തില്‍ അടുത്ത് വരാന്‍ പോകുന്ന സര്‍ക്കാര്‍ എന്‍.ഡി.എയുടേതായിരിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത അമിത് ഷാ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട്ടിലും എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മാറ്റം വരണമെങ്കില്‍ എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരേണ്ടതുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ വാര്‍ഡുകളിലും ബി.ജെ.പി മത്സരിക്കുമെന്ന് പരിപാടിയില്‍ പങ്കെടുത്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പറഞ്ഞു.
content highlights: Suresh Gopi not attending BJP office inauguration; Dissatisfaction