സുരേഷ് ഗോപിക്ക് ഇപ്പോള്‍ വേണ്ടത് വോട്ടല്ല, ഭരത് ചന്ദ്രനില്‍ നിന്ന് പുറത്തുകടക്കാനുള്ള ചികിത്സയാണ്
Suresh Gopi
സുരേഷ് ഗോപിക്ക് ഇപ്പോള്‍ വേണ്ടത് വോട്ടല്ല, ഭരത് ചന്ദ്രനില്‍ നിന്ന് പുറത്തുകടക്കാനുള്ള ചികിത്സയാണ്
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Monday, 29th March 2021, 9:36 am

കൊളംബിയ സര്‍വകലാശാലയിലെ ന്യൂറോളജി പ്രൊഫസറായ ഒലിവര്‍ സാക്സ് 1985 ല്‍ എഴുതിയ ലോകപ്രസിദ്ധമായ ഒരു പുസ്തകമാണ് ഭാര്യയെ തൊപ്പി എന്ന് തെറ്റിദ്ധരിച്ച മനുഷ്യന്റെ കഥ. (Man Who Mistook His Wife for a Hat). അദ്ദേഹത്തിന്റെ പ്രാക്ടീസിന്റെ ഇടയില്‍ കണ്ടുമുട്ടിയ വിചിത്രങ്ങളായ അനുഭവ കുറിപ്പുകളാണ് ആ പുസ്തകത്തില്‍ ഉള്ളത്.

അതില്‍ പറയുന്ന ഒരു കഥയാണ് മുഖങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു മനുഷ്യനെ പറ്റി. ഒരു വട്ടം വരച്ച് അതില്‍ കണ്ണുകള്‍ക്ക് വേണ്ടി രണ്ടു കുത്തുമിട്ട്, ഒരു ചെറിയ വട്ടം മൂക്കും ആക്കി, മുകളിലേക്ക് വളഞ്ഞ  ഒരു വരയും വരച്ചാല്‍ ഏതാണ്ട് എല്ലാ മനുഷ്യരും അതൊരു മനുഷ്യ മുഖം ആണെന്ന് പെട്ടെന്ന് തന്നെ മനസിലാക്കും, യഥാര്‍ത്ഥ മുഖവുമായി അതിനൊരു ബന്ധവും ഇല്ലെങ്കില്‍ പോലും. കണ്ണില്‍ നിന്നുള്ള സിഗ്‌നലുകളെ പ്രോസസ്സ് ചെയ്യുന്ന തലച്ചോറിലെ occipital /temporal ലോബികള്‍ കൊണ്ടാണ് ആണ് നമ്മള്‍ക്ക് ഈ കഴിവ് ഉള്ളത്.

പക്ഷെ ഈ ലോബുകളില്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് യഥാര്‍ത്ഥ മുഖം മുഖമാണ് എന്ന് തിരിച്ചറിയാന്‍ കഴിയില്ല. Visual Agnosiya എന്നാണ് ഈ രോഗത്തിന്റെ പേര്. ഡോക്ട്ടര്‍ ഒലിവര്‍ സാക്‌സിനെ കാണാന്‍ വന്ന രോഗി, തന്റെ തൊപ്പിയാണെന്നു കരുതി ഭാര്യയുടെ മുഖം എടുക്കാന്‍ ശ്രമിച്ചു എന്ന് പറയുമ്പോള്‍ ഈ രോഗമുള്ളവര്‍ കടന്നു പോകുന്ന അവസ്ഥ നിങ്ങള്‍ക്ക് മനസിലാകും.

വേറെ എല്ലാ തരത്തിലും നോര്‍മലായ മനുഷ്യന്റെ കാര്യമാണ് പറയുന്നത്. മനുഷ്യന്റെ ശരീരം, പ്രത്യേകിച്ച് തലച്ചോര്‍ വളരെ കോംപ്ലെക്‌സ് ആയ, ഒരു ചെറിയ ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടുപോലും സാധാരണം എന്ന് നമ്മള്‍ കരുതുന്ന പല കാര്യങ്ങളും കൈവിട്ടുപോകാന്‍ സാധ്യതയുള്ള ഒരു അവയവമാണ് എന്ന് പറയാനാണ് ഞാന്‍ ഈ കഥ പറഞ്ഞത്.

ഇതുപോലെ ഒരു പ്രശ്‌നം ഈയടുത്ത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നടന്മാരിലും/നടിമാരിലും തങ്ങള്‍ സ്ഥിരമായി അഭിനയിച്ചു വരുന്ന കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകള്‍ സ്ഥിരമായി അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്ന വിചിത്ര പ്രതിഭാസം ആണിത്. സാധാരണയായി ഒരു നടന്‍/നടി അഭിനയം കഴിഞ്ഞു തന്റെ സ്വാഭാവികമായ ജീവിതത്തിലേക്ക് തിരികെ പോകും. ചിലര്‍ക്ക് കഥാപാത്രത്തെ മറക്കാന്‍ കുറെ കൂടി സമയം എടുക്കും (പല മലയാള നടീനടന്മാരും ഇതേപ്പറ്റി പറഞ്ഞിട്ടുണ്ട്).

പക്ഷെ ന്യൂയോര്‍ക്കിലെ ബ്രോഡ്‌വെ മ്യൂസിക്കലുകള്‍ പോലെ ഒരേ കഥാപാത്രത്തെ എല്ലാ ദിവസവും പല പ്രാവശ്യം അവതരിപ്പിക്കേണ്ടി വരുന്ന ചില നടീനടന്മാര്‍ക്ക് ഈ കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയില്ല. മലയാളത്തില്‍ സ്ഥിരം ഒരേ റോള്‍ ചെയ്യുന്ന നടന്മാരെ ന്യൂയോര്‍ക് ബ്രോഡ്‌വെയില്‍ സ്ഥിരം ഒരേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരും ആയി തീര്‍ച്ചയായും താരതമ്യം ചെയ്യാവുന്നതാണ്.

അഭിനയം തലച്ചോറിനെ മാറ്റുന്നു എന്നാണ് ഇതിനെക്കുറിച്ചുള്ള പഠനം പറയുന്നത്. സിഡ്നി യൂണിവേഴ്‌സിറ്റിയിലെ Mark Seton ‘post-dramatic stress diosrder’ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത് (യുദ്ധം കഴിഞ്ഞു പട്ടാളക്കാര്‍ക്ക് ഉണ്ടാകുന്ന Post-traumatic stress diosrder : PTSD പോലെ).

2019 മാര്‍ച്ചില്‍ റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സ് പേജില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമാണ് ഇതില്‍ ഏറ്റവും അവസാനം നടന്നത്. 15 നടന്മാരെ FMRI ഫങ്ക്ഷണല്‍ MRI (ഒരു ചിത്രം കാണിക്കുമ്പോള്‍ അല്ലെങ്കില്‍ ശബ്ദം കേള്‍പ്പിക്കുമ്പോള്‍ അതേസമയം തലച്ചോറില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കാണാന്‍ കഴിയുന്ന സങ്കേതം) ഉപയോഗിച്ച് നടത്തിയ പഠനമാണിത്.

റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്ന വിഖ്യാത നാടകമാണ് ഈ പരീക്ഷണ സമയത്ത് അവര്‍ അഭിനയിച്ചത്. ഇതിനിടയില്‍ സ്വകാര്യ ചോദ്യങ്ങളും ചോദിച്ചു. സ്വകാര്യ ചോദ്യങ്ങള്‍, റോമിയോ ആന്‍ഡ് ജൂലിയറ്റ് കഥ അഭിനയിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഉണ്ടാക്കുന്ന തലച്ചോര്‍ ആക്ടിവിറ്റിയും, ഈ കഥാപാത്രങ്ങള്‍ ആയിരിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന തലച്ചോര്‍ ആക്ടിവിറ്റിയും താരതമ്യം ചെയ്തു നോക്കിയപ്പോള്‍ ആണ് കഥാപാത്രങ്ങള്‍ ഇവരുടെ സ്വകാര്യ ജീവിതത്തെ തന്നെ ബാധിക്കുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തിയത്.

കഥാപാത്രങ്ങള്‍ ആയിരിക്കുന്ന സമയത്ത് ഇവര്‍ സ്വന്തം യഥാര്‍ത്ഥ വ്യക്തിത്വത്തെ മറച്ചുവയ്ക്കുന്നു. ഈ പരീക്ഷണത്തിനു ശേഷം പലര്‍ക്കും വളരെ സമയം കഴിഞ്ഞാണ് സ്വന്തം വ്യക്തിത്വം വീണ്ടെടുക്കാന്‍ കഴിയുന്നത്.

ഇത്രയും വായിച്ചതിനു ശേഷം സുരേഷ് ഗോപി നികേഷ് കുമാറിന് നേരെ ‘Don’t try to play the fool with me Nikesh’ എന്ന് ഇംഗ്ലീഷില്‍ പൊട്ടിത്തെറിക്കുന്ന ഇന്റര്‍വ്യൂ വീഡിയോ ഒന്നുകൂടി കണ്ടുനോക്കുക. നിങ്ങള്‍ സുരേഷ് ഗോപിയെ ആണോ അതോ ഭരത് ചന്ദ്രന്‍ IPS എന്ന കഥാപാത്രത്തെ ആണോ കാണുന്നത്?

സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഈ ഇന്റര്‍വ്യൂ ഏതോ മഹാകാര്യമായി അവതരിപ്പിക്കുന്നുണ്ട്. പക്ഷെ അവിടെയുള്ള വോട്ടര്‍മാര്‍ ദയവായി ശ്രദ്ധിക്കുക. നിങ്ങള്‍ ഇയാളെ തിരഞ്ഞെടുക്കുക ആണെങ്കില്‍, പൗരത്വ ബില്ലിനെ കുറിച്ചോ, പെട്രോള്‍ വില വര്‍ദ്ധനവിനെ കുറിച്ചോ മറ്റോ പരാതി പറയാന്‍ ഇയാളുടെ അടുത്ത് പോയാല്‍, നിങ്ങളുടെ MLA സുരേഷ് ഗോപി ആയിരിക്കില്ല, മറിച്ച് ഭരത് ചന്ദ്രന്‍ IPS ആയിരിക്കും രോഷത്തോടെ ഇംഗ്ലീഷില്‍ കത്തിക്കയറി നിങ്ങളെ സ്വീകരിക്കുക.

സ്വന്തം നിയോജകമണ്ഡലത്തില്‍ ജയിപ്പിച്ചു വിട്ട എം.എല്‍.എ യോട് പോലും സംസാരിക്കാന്‍ അവസരം ഇല്ലാത്ത ആളുകളായി മാറണോ എന്ന് നിങ്ങള്‍ തീരുമാനിക്കുക. സുരേഷ് ഗോപിക്ക് ഇപ്പോള്‍ വേണ്ടത് വോട്ടല്ല, ചികിത്സയാണ്. കഥാപാത്രത്തില്‍ നിന്ന് അദ്ദേഹം എന്നെങ്കിലും പുറത്തു കടക്കട്ടെ എന്നാശിക്കാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Suresh Gopi needs treatment for Bharath Chandran Hangover