'മറ്റേ മോന്‍' എന്നത് നിങ്ങള്‍ വ്യാഖ്യാനിച്ചതാണ്; ഞാനതല്ല ഉദ്ദേശിച്ചത്; ന്യായീകരണവുമായി സുരേഷ് ഗോപി
Kerala
'മറ്റേ മോന്‍' എന്നത് നിങ്ങള്‍ വ്യാഖ്യാനിച്ചതാണ്; ഞാനതല്ല ഉദ്ദേശിച്ചത്; ന്യായീകരണവുമായി സുരേഷ് ഗോപി
അനിത സി
Wednesday, 11th February 2026, 8:30 pm

തിരുവനന്തപുരം: എയിംസ് കേരളത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് സുരേഷ് ഗോപി എം.പി. താന്‍ അന്ന് ഉദ്ദേശിച്ചതല്ല മാധ്യമങ്ങളടക്കമുള്ളവര്‍ വ്യാഖ്യാനിച്ചതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.

അന്ന് തനിക്ക് അക്കാര്യം പറഞ്ഞയാളുടെ പേര് എടുത്തുപറയാന്‍ തോന്നിയില്ല. അതുകൊണ്ടാണ് ആ കാര്യം പറഞ്ഞ ആ മറ്റേ മോനില്ലേ എന്ന വാക്ക് പ്രയോഗിച്ചതെന്ന് സുരേഷ് ഗോപി ന്യായീകരിച്ചു.

തന്റെ അമ്മയാണേ സത്യം എന്ന് ആണയിട്ടായിരുന്നു സുരേഷ് ഗോപി ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കിയത്.

‘സത്യം പറയാമല്ലോ, എന്റെ നെഞ്ചത്ത് കൈവെച്ചാണ് പറയുന്നത്. ഞാന്‍ നിങ്ങളൊക്കെ വ്യാഖ്യാനിച്ച അതല്ല ഉദ്ദേശിച്ചത്. എനിക്ക് അദ്ദേഹത്തിന്റെ പേര് എടുത്ത് പറയാന്‍ തോന്നിയില്ല. മറ്റേ ആ പറഞ്ഞ മോനില്ലേ അതേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.

എന്റെ അമ്മ സത്യം. നിങ്ങളോക്കെ വ്യാഖ്യാനിച്ച് അങ്ങനെയാക്കി എടുക്കണം തെരഞ്ഞെടുപ്പ് അടുക്കുന്നത് കൊണ്ട് എന്നൊരു വിചാരം നിങ്ങള്‍ക്കുണ്ടായെങ്കില്‍ എനിക്ക് അതിനകത്ത് പ്രതിവദിക്കാന്‍ സാധിക്കില്ല, വേണ്ട… വീണ്ടും ഞാന്‍ പറയുന്നില്ല, പുച്ഛത്തോടെ തള്ളുന്നു എന്നൊന്നും ഞാന്‍ പറയുന്നില്ല,’ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

തൃപ്പൂണിത്തുറയില്‍ ജനുവരി 14ന് നടന്ന ബി.ജെ.പി യോഗത്തില്‍ വെച്ചാണ് പ്രസംഗത്തനിടെ സുരേഷ് ഗോപി അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.

കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. എയിംസ് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയുള്ളവര്‍ ആ ഭയത്തില്‍ മുങ്ങി മരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, സുരേഷ് ഗോപിയുടെ ഓവര്‍ കോണ്‍ഫിഡന്‍സിനെ തള്ളിക്കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

തുടര്‍ന്ന് സുരേഷ് ഗോപിക്ക് നേരെ എയിംസ് എവിടെ മറ്റേ മോനേ? എന്നുള്‍പ്പടെയുള്ള ട്രോളുകളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. തുടര്‍ന്ന് 2027ലും 2028ലുമൊക്കെ ബജറ്റുണ്ടെന്നും അപ്പോള്‍ എയിംസ് വരുമെന്നുമാണ് സുരേഷ് ഗോപിയുടെ നിലവിലെ വാദം.

Content Highlight: This is what you interpreted; I didn’t mean it; Suresh Gopi justifies his abusive statement

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍