തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ പങ്കെടുത്ത ബി.ജെ.പി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. സുരേഷ് ഗോപിയോടുള്ള വിയോജിപ്പും സംവാദത്തിൽ മന്ത്രി അപമാനിച്ചതുമാണ് പാർട്ടി വിടാൻ കാരണമെന്ന് പ്രവർത്തകർ പറഞ്ഞു. വരന്തരപ്പിള്ളിയിലെ നാല് ബി.ജെ.പി പ്രവർത്തകരാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.
പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളുമാണ് പാർട്ടി വിട്ടത്. ബി.ജെ.പി ഭരിക്കുന്ന വേലുപ്പാടം വാർഡിലെ സജീവ ബി.ജെ.പി പ്രവർത്തകരാണ് ഇവർ. വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാർഡിൽ ഈ മാസം 18ാം തിയതിയാണ് കല്ലുങ്ക് സംവാദം നടന്നിരുന്നത്. തൊട്ടടുത്ത ദിവസം തന്നെ അവർ കോൺഗ്രസിലേക്ക് ചേരുകയായിരുന്നു.
കേന്ദ്ര മന്ത്രിയുടെ പെരുമാറ്റത്തോട് താത്പര്യമില്ലാത്തതിനാലാണ് പാർട്ടി വിട്ടതെന്നും തങ്ങൾ സുരേഷ് ഗോപിയുടെ പ്രജകളല്ലെന്നും പ്രസാദ് പറഞ്ഞു. രാഹുൽ ഗാന്ധി സാധാരണക്കാരുടെ ചായക്കടയിൽ പോയി ചായകുടിക്കുമെന്നും എന്നാൽ ജനങ്ങൾ പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കലുങ്ക് സംവാദങ്ങളിൽ വിവാദങ്ങൾ ഉണ്ടായതിനെത്തുടർന്ന് സുരേഷ്‌ഗോപിക്ക് ബി.ജെ.പി നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. ബി.ജെ.പി ജില്ലാ ഘടകങ്ങളിൽ നിന്നും സുരേഷ് ഗോപിക്കെതിരെ വിമർശനം ഉയർന്നതോടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന പരിപാടികളിൽ വിവാദങ്ങൾ ഉണ്ടാകരുതെന്ന് ബി.ജെ.പി നിർദേശിച്ചിരുന്നു.
കൊടുങ്ങല്ലൂരിലെ കലുങ്ക് സംവാദത്തിനിടെ നിവേദനം നല്കാൻ ചെന്ന വയോധികനെയും ഇരിങ്ങാലക്കുടയിലെ കലുങ്ക് സംവാദങ്ങൾക്കിടയിൽ സഹായം ചോദിച്ചുചെന്ന വയോധികയെയും അപമാനിച്ചതിന് സുരേഷ്‌ഗോപിക്കുനേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നായിരുന്നു വയോധികയുടെ ആവശ്യം. അത് തനിക്ക് ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി .
മുഖ്യമന്ത്രിയുടെ അടുത്തേക്ക് തനിക്ക് നേരിട്ട് പോകാന്‍ കഴിയുമോ എന്ന് വയോധിക ചോദിച്ചപ്പോൾ ‘എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് പറഞ്ഞ് സുരേഷ് ഗോപി പരിഹസിക്കുകയായിരുന്നു.
കൂടാതെ നിങ്ങളുടെ തൊട്ടടുത്തല്ലേ മന്ത്രി താമസിക്കുന്നത് അവരോട് ചോദിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സമയം നിങ്ങളും ഞങ്ങളുടെ മന്ത്രിയല്ലേ എന്ന് ചോദിച്ച വയോധികയോട് ഞാന്‍ നിങ്ങളുടെ മന്ത്രിയല്ലെന്നും രാജ്യത്തിന്റെ മന്ത്രിയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആനന്ദവല്ലി എന്ന വയോധികയോടായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം.
കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് സംവാദത്തിനിടയില്‍ നിവേദനം നല്‍കാനെത്തിയ വയോധികനെയും സുരേഷ് ഗോപി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സഹായം ചോദിച്ചെത്തിയ കൊച്ചുവേലായുധന്‍ എന്ന വയോധികനെയാണ് നിവേദനം നിരസിച്ച് കൊണ്ട് സുരേഷ് ഗോപി അപമാനിച്ചത്.
Content Highlight: Suresh Gopi insulted; BJP workers who participated in Kalunk debate join Congress