ചെക്കിന്റെ മുകളില്‍ രാധികയുടെ ചീര്‍പ്പ്, മഹാലക്ഷ്മിയും മൂദേവിയും, അത് കണ്ടാല്‍ ഞാന്‍ രാവണനാവും: സുരേഷ് ഗോപി
Film News
ചെക്കിന്റെ മുകളില്‍ രാധികയുടെ ചീര്‍പ്പ്, മഹാലക്ഷ്മിയും മൂദേവിയും, അത് കണ്ടാല്‍ ഞാന്‍ രാവണനാവും: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th February 2023, 11:43 am

താന്‍ പിണങ്ങുന്നതും ദേഷ്യപ്പെടുന്നതുമൊക്കെ വിചിത്രമായ കാര്യങ്ങളാണെന്ന് പറയുകയാണ് സുരേഷ് ഗോപി. പങ്കാളിയായ രാധികയോട് ദേഷ്യപ്പെട്ടു കഴിഞ്ഞാല്‍ താന്‍ ക്ഷമ പറയില്ലെന്നും പകരം ദോശ ഉണ്ടാക്കി തരുമോ എന്ന് ചോദിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ പിണങ്ങുന്നതും ദേഷ്യപ്പെടുന്നതുമൊക്കെ വിചിത്രമായ കാര്യങ്ങളാണ്. അയ്യേ ഇതാണോ സുരേഷ് ഗോപി എന്ന് ചിലപ്പോള്‍ കാണുന്നവര്‍ക്ക് തോന്നിയേക്കാം. ഒരു സംഭവം പറയാം. ചെക്ക്ബുക്ക് എടുത്ത് അവിടെ ഒപ്പിട്ടുവെച്ചു. രാധിക മുടി ചീവിയിട്ട് ചീര്‍പ്പ് എടുത്ത് അതിന്റെ പുറത്ത് വെച്ചു. ഒന്ന് മൂദേവിയും ഒന്ന് മഹാലക്ഷ്മിയുമാണ്. അതൊക്കെ എന്റെ വിശ്വാസമാണ്. അപ്പോള്‍ ഞാന്‍ രാവണനായി മാറും.

അപ്പോള്‍ ഇത് തീര്‍ന്നുവെന്ന് തോന്നും. എല്ലാം അവസാനിച്ചു എന്ന് വിചാരിക്കും. കുറച്ച് കഴിയുമ്പോള്‍ നീ ഇന്നലെ ഉണ്ടാക്കിയ ദോശ ഒന്നൂടെ ഉണ്ടാക്കുമോ എന്ന് ചോദിക്കും. സോറി പറയില്ല. കുറച്ച് മുമ്പേ ദേഷ്യപ്പെട്ട ആള് തന്നെയാണോ ഇതെന്ന് തോന്നും,’ സുരേഷ് ഗോപി പറഞ്ഞു.

മേ ഹും മൂസയാണ് ഒടുവില്‍ പുറത്ത് വന്ന സുരേഷ് ഗോപിയുടെ ചിത്രം. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്തത്.

ലാല്‍ കൃഷ്ണ വിരാടിയറാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന സുരേഷ് ഗോപി ചിത്രം. സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രം ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗമാണ് ഇത്. അടുത്തിടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. അഡ്വ. ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന കഥാപാത്രത്തെ സൂചിപ്പിച്ച് എല്‍.കെ. എന്ന് മാത്രമാണ് ചിത്രത്തിന്റെ ടൈറ്റിലായി പോസ്റ്ററില്‍ ഉള്ളത്. ലൈബ്രറിയില്‍ അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങളില്‍ നിന്ന് സുരേഷ് ഗോപി കഥാപാത്രത്തിന്റെ മുഖം തെളിയുന്ന രീതിയിലാണ് പോസ്റ്റര്‍ ഡിസൈന്‍. വലിയ പ്രതികരണമാണ് ഈ പ്രഖ്യാപനത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്.

Content Highlight: suresh gopi about his anger