മഞ്ചേശ്വരത്ത് തന്നെ വിജയിയായി പ്രഖ്യാപിക്കണം; കെ.സുരേന്ദ്രന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
Sabarimala women entry
മഞ്ചേശ്വരത്ത് തന്നെ വിജയിയായി പ്രഖ്യാപിക്കണം; കെ.സുരേന്ദ്രന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
ന്യൂസ് ഡെസ്‌ക്
Thursday, 25th October 2018, 9:18 am

കൊച്ചി: മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കള്ളവോട്ട് നേടിയാണ് അബ്ദുല്‍ റസാഖിന്റെ വിജയം നേടിയതെന്നും തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജി.

മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്താണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ റസാഖ് ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.


Read Also : ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യത്തില്‍ ഞങ്ങള്‍ക്ക് ഭയമില്ല, സംഘികള്‍ക്ക് ഭയമുണ്ടെങ്കില്‍ അവര്‍ വീട്ടിലിരുന്നോട്ടെ; തമിഴ് ഗാനം വൈറലാകുന്നു


 

അതേസമയം കഴിഞ്ഞ ദിവസം ഹര്‍ജിയിലെ പ്രധാന കക്ഷിയാ റസാഖ് അന്തരിച്ചിരുന്നു. ഇതോടെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും എന്നാല്‍ ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ തെരഞ്ഞെടുപ്പ് വൈകിയേക്കും എന്ന ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തിലാണ് കോടതി ഇന്ന് വീണ്ടും ഹര്‍ജി പരിഗണിക്കുന്നത്.

ഈ ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പാടില്ല എന്നാണ് നിയമം. ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ തന്നെ വിധി ഹര്‍ജിക്കാരന് അനുകൂലമായാല്‍ വീണ്ടും ജയിച്ച കക്ഷിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. അത്രത്തോളം സങ്കീര്‍ണ്ണമായ നിയമത്തിലൂടെയാണ് 1951 ലെ ജനപ്രാതിനിധ്യ നിയമം കടന്നുപോകുന്നത്.

സാധാരണഗതിയില്‍ ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ 6 മാസത്തിനുള്ളില്‍ നടത്തണമെന്നാണു ചട്ടം. സ്പീക്കര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു കൈമാറണം. അവരതു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറിയശേഷം അവിടെ നിന്നാണു തീരുമാനം വരേണ്ടത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 2,08,145 വോട്ടര്‍മാരാണു മണ്ഡലത്തിലുള്ളത്. ഇതില്‍ 1,58,584 വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി. പോളിങ് 76.19%. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ പി.ബി.അബ്ദുല്‍ റസാഖിന് 56,870 വോട്ടു ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന്‍ 56,781 വോട്ടു നേടി. സി.പി.ഐ.എം സ്ഥാനാര്‍ഥി സി.എച്ച്.കുഞ്ഞമ്പുവിന് 42,565 വോട്ട് ലഭിച്ചു. അതിനു മുന്‍പു നടന്ന തെരഞ്ഞെടുപ്പില്‍ അബ്ദുല്‍ റസാഖ് 5828 വോട്ടിനാണ് കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.