പൃഥ്വി വെറുതെ പേജ് മറിച്ചുനോക്കി ഡയലോഗ് പഠിക്കും, സുകുമാരന്‍ ചേട്ടനാണെങ്കില്‍ സ്‌കാനിങ് മിഷ്യനാണ്: സുരാജ് വെഞ്ഞാറമൂട്
Film News
പൃഥ്വി വെറുതെ പേജ് മറിച്ചുനോക്കി ഡയലോഗ് പഠിക്കും, സുകുമാരന്‍ ചേട്ടനാണെങ്കില്‍ സ്‌കാനിങ് മിഷ്യനാണ്: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th February 2023, 12:36 pm

പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. രണ്ട് പേരും നിമിഷ നേരം കൊണ്ട് ഡയലോഗുകള്‍ പഠിക്കുമെന്നും ഇത് കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്നും സുരാജ് പറഞ്ഞു. ഇതിന്റെ ഉറവിടം അന്വേഷിച്ചുപോയപ്പോള്‍ അച്ഛനായ സുകുമാരനിലാണ് എത്തിയതെന്നും സുരാജ് പറഞ്ഞു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘പൃഥ്വിരാജ് ഡയലോഗ് പഠിക്കുന്നത് കണ്ട് ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഭയങ്കര സ്പീഡാണ്. 30 പേജൊക്കെ എടുത്ത് വെറുതെ മറിച്ചുനോക്കും. എന്നിട്ട് റെഡിയണ്ണാ എന്ന് പറയും. ഇത് കണ്ടിട്ടാണ് ഞാന്‍ ചേട്ടനുമായി വര്‍ക്ക് ചെയ്യുന്നത്. അവിടെ 40 പേജാണ്. അതും ഹിന്ദി, ഇംഗ്ലീഷ് മലയാളം ഇതെല്ലാം കൂടി എടുത്ത് നോക്കിയിട്ട് റെഡി, ഇത്രേയുള്ളോ എന്ന് ചോദിക്കും.

എന്താ പരിപാടി എന്നറിയാന്‍ ഞാന്‍ ഇതിന്റെ ഉറവിടം അന്വേഷിച്ചു. അച്ഛന്‍ സുകുമാരന്‍ ചേട്ടന്‍ സ്‌കാനിങ് മിഷ്യനാണത്രേ. കാരണം ഒരു സിനിമയുടെ സ്‌ക്രിപ്‌റ്റൊക്കെ കൊണ്ട് കൊടുത്താല്‍ മറിച്ചു നോക്കി മാറിക്കോ എന്ന് പറയും. പിന്നെ ദൂരെക്കൂടെ പോകുന്നവന്റെ ഡയലോഗ് കേള്‍ക്കുമ്പോള്‍ അയ്യോ കുട്ടാ അത് അങ്ങനെയല്ല കേട്ടോ എന്ന് പറയും. അവര്‍ക്ക് ഇതൊന്നും ഒന്നുമല്ലന്നേ.

ഞാനും ഇന്ദ്രനും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള പരിചയമുണ്ട്. ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹവും അസ്സലായി ഹ്യൂമര്‍ ചെയ്യുന്ന ആളാണ്. അദ്ദേഹം ഓരോ സിനിമയിലും വ്യത്യസ്തത കണ്ടെത്താന്‍ ഒരുപാട് ശ്രമിക്കുന്നുണ്ട്,’ സുരാജ് പറഞ്ഞു.

ന്നാലും ന്റെളിയാ ആണ് ഒടുവില്‍ പുറത്ത് വന്ന സുരാജിന്റെ ചിത്രം. ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗായത്രി അരുണ്‍, സിദ്ദീഖ്, ലെന എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹിഗ്വിറ്റയാണ് റിലീസിന് ഒരുങ്ങുന്ന സുരാജിന്റെ ചിത്രം. ഹേമന്ദ് ജി. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: suraj venjaramood about prithviraj and indrajith