സേവാഗ് സെഞ്ച്വറിയടിക്കാതിരിക്കാന്‍ ചതി നടത്തിയവരാണ്, ശ്രീലങ്ക ക്രിക്കറ്റിന്റെ മാന്യതയെ കുറിച്ച് സംസാരിക്കാന്‍ യോഗ്യരോ?
Sports News
സേവാഗ് സെഞ്ച്വറിയടിക്കാതിരിക്കാന്‍ ചതി നടത്തിയവരാണ്, ശ്രീലങ്ക ക്രിക്കറ്റിന്റെ മാന്യതയെ കുറിച്ച് സംസാരിക്കാന്‍ യോഗ്യരോ?
ആദര്‍ശ് എം.കെ.
Tuesday, 7th November 2023, 5:45 pm

ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക – ബംഗ്ലാദേശ് മത്സരം വലിയ വിവാദങ്ങള്‍ക്കായിരുന്നു തിരികൊളുത്തിയത്. ലങ്കന്‍ സൂപ്പര്‍ താരം ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്റെ പ്രവൃത്തിക്ക് പിന്നാലെയാണ് ഈ മത്സരം ചരിത്രത്തിലും ഇടം നേടിയത്.

ഹെല്‍മെറ്റിലെ കേടുപാടുകള്‍ കാരണം മാത്യൂസിന് കൃത്യസമയത്ത് ക്രീസിലെത്തി ഗാര്‍ഡ് സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഹെല്‍മെറ്റിന്റെ പ്രശ്‌നം കാരണം പുതിയ ഹെല്‍മെറ്റിനായി മാത്യൂസ് ആംഗ്യം കാണിക്കുകയായിരുന്നു. ഫീല്‍ഡ് അമ്പയറോടോ എതിര്‍ ടീം ക്യാപ്റ്റനോടോ മാത്യൂസ് ഇക്കാര്യം സംസാരിച്ചിരുന്നില്ല എന്നതും ഇതില്‍ ശ്രദ്ധേയമാണ്.

 

കൃത്യസമയത്ത് ആദ്യ പന്ത് നേരിടാന്‍ സാധിക്കാതെ വന്നതോടെ ബംഗ്ലാ നായകന്‍ ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അമ്പയര്‍ മാത്യൂസിനെ പുറത്താക്കുകയായിരുന്നു.

ഈ ഔട്ടിന് പിന്നാലെ ഷാകിബ് അല്‍ ഹസന് ചില ആരാധകരുടെ മനസില്‍ പ്രതിനായകരൂപമായിരുന്നു. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത പ്രവൃത്തിയാണ് ഷാകിബ് കാണിച്ചതെന്നായിരുന്നു ശ്രീലങ്കന്‍ ആരാധകരും വിഷയത്തില്‍ മാത്യൂസിനെ പിന്തുണയ്ക്കുന്നവരും പറഞ്ഞത്. ക്രിക്കറ്റിന്റെ നിയമപുസ്തകത്തിലൂടെ മാത്രമാണ് ഷാകിബ് ഔട്ടിനായി അപ്പീല്‍ ചെയ്തതെങ്കിലും ബംഗ്ലാ നായകന്‍ സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് കളഞ്ഞുകുളിച്ചു എന്നാണ് ആരാധകരുടെ വാദം.

ലങ്കന്‍ ആരാധകര്‍ സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റിനെ കുറിച്ച് ഘോരഘോരം വാദിക്കുമ്പോള്‍ 13 വര്‍ഷം മുമ്പുള്ള ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗിന് സെഞ്ച്വറി പൂര്‍ത്തിയാക്കാതിരിക്കാന്‍ മനപ്പൂര്‍വം നോ ബോള്‍ എറിഞ്ഞ് മത്സരം അവസാനിപ്പിച്ച ശ്രീലങ്കയെയാണ് ആരാധകര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

2010 ആഗസ്റ്റ് 16ന് ദാംബുള്ളയില്‍ വെച്ചാണ് ഈ വിവാദ സംഭവമുണ്ടായത്. ട്രയാംഗുലര്‍ സീരിസിലെ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 170 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.

62 പന്തില്‍ 45 റണ്‍സ് നേടിയ തിലകരത്‌നെ ദില്‍ഷനും 61 പന്തില്‍ 41 റണ്‍സടിച്ച സുരാജ് രണ്‍ദീവുമാണ് ലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ഇന്ത്യക്കായി പ്രഗ്യാന്‍ ഔജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പ്രവീണ്‍ കുമാര്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ആശിഷ് നെഹ്‌റയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരേന്ദര്‍ സേവാഗിന്റെ തകര്‍പ്പന്‍ വെടിക്കെട്ടില്‍ അനായാസം ലങ്കക്കൊപ്പമെത്തുകയായിരുന്നു. 34.3 ഓവറില്‍ ഇന്ത്യ 170 റണ്‍സ് നേടി, സേവാഗ് ആകട്ടെ 99 റണ്‍സുമായി സ്‌ട്രൈക്കിലും.

സുരാജ് രണ്‍ദീവ് എറിഞ്ഞ തൊട്ടടുത്ത പന്ത് സിക്‌സര്‍ പറത്തിയ സേവാഗ് തന്റെ സെഞ്ച്വറി നേട്ടവും ഇന്ത്യയുടെ വിജയവും ആഘോഷിച്ചുകൊണ്ട് കാണികളെ അഭിവാദ്യം ചെയ്യുമ്പോഴാണ് അമ്പയര്‍ നോ ബോള്‍ വിളിക്കുന്നത്.

മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കിലും രണ്‍ദീവിന്റെ ഓവര്‍ സ്‌റ്റെപ്പിങ് നോ ബോള്‍ കാരണം സേവാഗിന് സെഞ്ച്വറി നിഷേധിക്കപ്പെടുകയായിരുന്നു. കരിയറില്‍ അതുവരെ ഒറ്റ നോ ബോള്‍ പോലുമെറിയാതിരുന്ന രണ്‍ദീവിന്റെ ചതിയില്‍ വീരുവിന് അര്‍ഹിച്ചതും നേടിയതുമായ സെഞ്ച്വറി നഷ്ടമായി.

ശേഷം സുരാജ് രണ്‍ദീവ് എന്ന സൂപ്പര്‍ താരത്തിന്റെ കരിയറിന് എന്ത് സംഭവിച്ചു എന്നതിന് കാലം സാക്ഷിയായി, ഒരര്‍ത്ഥത്തില്‍ കാലത്തിന്റെ കാവ്യനീതിയില്‍ രണ്‍ദീവ് വീണുപോവുകയായിരുന്നു.

Content Highlight: Suraj Randiv’s noball controversy with Virender Sehwag has resurfaced

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.