നജീബില്‍ നിന്ന് പുറത്തുവരാന്‍ സമയമായി: ആട് ജീവിതം ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്കെന്ന് സുപ്രിയ പൃഥ്വിരാജ്
Entertainment news
നജീബില്‍ നിന്ന് പുറത്തുവരാന്‍ സമയമായി: ആട് ജീവിതം ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്കെന്ന് സുപ്രിയ പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th June 2022, 11:20 pm

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തിനെ ആധാരമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത് എന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീര ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം ആടുജീവിതത്തിന്റെ വിദേശ ഷൂട്ടിംഗ് പാതിവഴിയില്‍ മുടങ്ങിയിരുന്നു.

കൊവിഡ് പ്രതിസന്ധി അവസാനിച്ചതോടെ ജോര്‍ദാനില്‍ ഷൂട്ട് ചെയ്യാന്‍ ബാക്കിയുള്ള ഭാഗം ചിത്രീകരിക്കാന്‍ പൃഥ്വിയും സംഘവും ഏപ്രില്‍ അവസാന വാരം ജോര്‍ദാനിലേക്ക് പോയിരുന്നു.

ജോര്‍ദാനില്‍ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സുപ്രിയ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയിലാണ് ആട് ജീവിതം ഷൂട്ടിംഗ് ഉടന്‍ കഴിയും എന്ന സൂചന നല്‍കിയിരിക്കുന്നത്.

‘ആടുജീവിതം തീര്‍ക്കാന്‍ നജീബ് തയ്യാറാകുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കാനായി എ.ആര്‍. റഹ്മാനും ജോര്‍ദാനില്‍ എത്തിയിരുന്നു.

മലയാളി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ഗള്‍ഫില്‍ ജോലിക്കായി പോയി മരുഭൂമിയില്‍ ചതിയില്‍ കുടുങ്ങിയ നജീബിന്റെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം.

അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് പൃഥ്വിരാജിന്റെ പുറത്ത് വരാന്‍ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ജൂണ്‍ 30നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Content Highlight : Supriya Prithviraj shares an instagram story that says Aadujeevitham is about wrap up