ആ തീരുമാനം പെട്ടെന്നൊരു ദിവസമെടുത്തതല്ല, പലരും അന്ന് ഞങ്ങളെ കുറ്റപ്പെടുത്തിയിരുന്നു: സുപ്രിയ മേനോന്‍
Entertainment news
ആ തീരുമാനം പെട്ടെന്നൊരു ദിവസമെടുത്തതല്ല, പലരും അന്ന് ഞങ്ങളെ കുറ്റപ്പെടുത്തിയിരുന്നു: സുപ്രിയ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st January 2023, 9:07 am

ജോലി വേണ്ടെന്ന് വെക്കാമെന്ന തീരുമാനം ഒരുപാട് ആലോചിച്ചെടുത്തതാണെന്ന് സുപ്രിയ മേനോന്‍. നടന്‍ പൃഥ്വിരാജുമായുള്ള വിവാഹത്തിന് ശേഷം തന്റെ ജോലി സുപ്രിയ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ കാരണങ്ങള്‍ പറയുകയാണ് സുപ്രിയയിപ്പോള്‍. ഇരുവരുടെയും ജോലി തിരക്കുകള്‍ കാരണം പരസ്പരം കാണാന്‍ പോലും കഴിയാത്ത സാഹചര്യം വന്നെന്നും തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും സുപ്രിയ പറഞ്ഞു.

പൃഥ്വിരാജുമായുള്ള വിവാഹത്തിന് ശേഷം ഒരുപാട് ആളുകള്‍ കുറ്റപ്പെടുത്തിയിരുന്നെന്നും അതിന്റെ പേരില്‍ പല പ്രശ്‌നങ്ങളും ഉണ്ടായെന്നും അവര്‍ പറഞ്ഞു. ആ സമയത്ത് ഈ പ്രശ്‌നങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു എന്നും സുപ്രിയ പറഞ്ഞു. ധന്യ വര്‍മക്കൊപ്പമുള്ള അഭിമുഖത്തിലാണ് സുപ്രിയ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ശരിക്കും ജോലി വേണ്ടെന്ന് വെക്കാമെന്ന തീരുമാനം ഒരു ദിവസംകൊണ്ട് എടുത്തതല്ലായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ഞാന്‍ ബോസിനോട് പറഞ്ഞിരുന്നു ഇങ്ങനെയുള്ള ഒരാളെയാണ് ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നതെന്ന്. ആള് കുറച്ച് ഫേമസാണെന്നും അതുകൊണ്ട് തന്നെ കുറച്ച് സമയം എനിക്ക് വേണമെന്നും പറഞ്ഞിരുന്നു. പെട്ടെന്ന് പോയി എനിക്ക് തിരിച്ച് വരാന്‍ കഴിയില്ല. ഒരു ആറ് മാസത്തെ ലീവ് തരുമോ എന്നും ബോസിനോട് ചോദിച്ചു.

അങ്ങനെ വിവാഹത്തിന് ശേഷം ഒരു അറ് മാസം ഞാന്‍ ഇവിടെ തന്നെയുണ്ടായിരുന്നു. ആ സമയത്തെ എക്‌സ്റ്റന്റഡ് ഹണിമൂണ്‍ പീരീഡായാണ് ഞാന്‍ കാണുന്നത്. കല്യാണം വളരെ സ്വകാര്യമായാണ് നടത്തിയത് എന്ന കാരണം പറഞ്ഞ് ആ സമയത്ത് ഒരുപാട് ആളുകള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നെ കല്യാണം കഴിച്ചത് കൊണ്ട് കുറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്നൊക്കെ അത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇങ്ങനത്തെ കുറേ കാര്യങ്ങള്‍ കഴിഞ്ഞിട്ടാണ് ഞാന്‍ തിരികെ പോകാന്‍ തീരുമാനിക്കുന്നത്. കാരണം ആറ് മാസം കഴിഞ്ഞപ്പോള്‍ എനിക്ക് ഇവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. എന്നാല്‍ ഞാന്‍ മുംബൈയില്‍ എത്തി കഴിഞ്ഞപ്പോഴാണ് മനസിലായത് ഇനി ഞാനും പൃഥ്വിയും തമ്മില്‍ കാണുന്നത് കുറയുമെന്ന്. ആ ആറുമാസക്കാലം എപ്പോഴും കൂടെ തന്നെയുണ്ടായിരുന്നു. പിന്നെ അങ്ങോട്ട് കാണാന്‍ പോലും പറ്റാതായി. പിന്നീടങ്ങോട്ട് മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഞങ്ങള്‍ പരസ്പരം കണ്ടിരുന്നത്.

കുറച്ച് നാളുകള്‍ കൂടിക്കാഴ്ച്ച മാസത്തില്‍ രണ്ട് തവണയാക്കി. ആ സമയത്ത് പൃഥ്വി എവിടെയാണോ അവിടേക്ക് ഞാന്‍ പോകണമായിരുന്നു. ഈ കണ്ടുമുട്ടലൊക്കെ ശനിയും ഞായറും കൊണ്ട് തീര്‍ക്കണമായിരുന്നു. പിന്നെ ഒരു വീടൊക്കെ വേണമെന്ന ചിന്ത വന്നപ്പോഴാണ് ശരിക്കും കുടുംബ ജീവിതത്തിന് പൂര്‍ണ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്. ബോസും അക്കാര്യത്തില്‍ ഓകെ പറഞ്ഞു,’ സുപ്രിയ മേനോന്‍ പറഞ്ഞു.

content highlight: supriya menon talks about her marriage