തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി അധിക്ഷേപം നടത്തുന്ന യുവതിയുടെ പേരും മുഖവും വെളിപ്പെടുത്തി മുന്‍ ബി.ബി.സി റിപ്പോര്‍ട്ടറും നിര്‍മാതാവുമായ സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയയുടെ പ്രതികരണം. യുവതിയുടെ പേരും ചിത്രവുമടക്കം സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.
ക്രിസ്റ്റീന എല്‍ദോ എന്ന ആളാണ് വര്‍ഷങ്ങളായി തനിക്കെതിരെ അധിക്ഷേപം നടത്തുന്നതെന്ന് സുപ്രിയ പറയുന്നു. തന്നെ കുറിച്ച് ആര് എന്ത് കാര്യം പറഞ്ഞ് പോസ്റ്റിട്ടാലും അതിന് താഴെ തന്റെ പേഴ്‌സണലും പ്രൊഫഷണലുമായ കാര്യങ്ങളെ കുറിച്ച് മോശമായ കമന്റുകള്‍ ഈ വ്യക്തി ഇടാറുണ്ടെന്ന് സുപ്രിയ മേനോന്‍ പറഞ്ഞു. പല അക്കൗണ്ടുകളും താന്‍ ബ്ലോക്ക് ചെയ്തെന്നും എന്നാല്‍ അവര്‍ വീണ്ടും ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി ഈ പ്രവര്‍ത്തി തുടരുന്നുണ്ടെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ ബുള്ളിയിങ് നടത്തുന്നത് ആരാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കണ്ടെത്തിയെന്നും എന്നാല്‍ അവര്‍ക്ക് ഒരു ചെറിയ മകന്‍ ഉള്ളതുകൊണ്ട് പ്രതികരിക്കാതിരിക്കുകയായിരുന്നുവെന്ന് സുപ്രിയ മേനോന്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ന് അവര്‍ ഇട്ടിരിക്കുന്ന ആ ഫില്‍റ്ററിന് പോലും അവരുടെ ഉള്ളിലെ വൃത്തികേടിനെ മറയ്ക്കാന്‍ കഴിയില്ലെന്നും 2018 മുതല്‍ അവര്‍ തനിക്കെതിരെ വിഷം തുപ്പാന്‍ തുടങ്ങിയിട്ടുണ്ടെന്നും സുപ്രിയ പറഞ്ഞു.
2023ലാണ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അധിക്ഷേപിക്കുന്നയാളെ കണ്ടെത്തിയതായി സുപ്രിയ പറഞ്ഞത്. അതൊരു നഴ്സ് ആണെന്നല്ലാതെ മറ്റൊരു വിവരവും സുപ്രിയ അന്ന് പങ്കുവെച്ചിരുന്നില്ല. മരിച്ചു പോയ തന്റെ അച്ഛനെക്കുറിച്ച് മോശം കമന്റ് ചെയ്തതോടെയാണ് ആ വ്യക്തി ആരാണെന്ന് കണ്ടെത്താന്‍ തീരുമാനിച്ചതെന്ന് സുപ്രിയ പറഞ്ഞിരുന്നു.