രാജ്യദ്രോഹ നിയമത്തിനെതിരായ ഹരജികള്‍ സുപ്രീം കോടതി മെയ് പത്തിന് പരിഗണിക്കും; ഹരജി വിശാല ബെഞ്ചിലേക്ക് മാറ്റുന്നതും പരിഗണനയില്‍
national news
രാജ്യദ്രോഹ നിയമത്തിനെതിരായ ഹരജികള്‍ സുപ്രീം കോടതി മെയ് പത്തിന് പരിഗണിക്കും; ഹരജി വിശാല ബെഞ്ചിലേക്ക് മാറ്റുന്നതും പരിഗണനയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th May 2022, 5:13 pm

ന്യൂദല്‍ഹി: രാജ്യദ്രോഹ നിയമത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി മെയ് പത്തിന് പരിഗണിക്കും. വിശാല ബെഞ്ചിലേക്ക് ഹരജി മാറ്റേണ്ടതുണ്ടോ എന്നത് സംബന്ധിച്ചും കോടതി തീരുമാനിക്കും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മെയ് 10ന് ഹരജിയില്‍ വാദം കേള്‍ക്കും. ഈ വിഷയത്തില്‍ മെയ് ഏഴിനകം രേഖാമൂലമുള്ള വാദങ്ങള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്രത്തോടും, ഹരജിക്കാരോടും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

1962ല്‍ ഭരണഘടനാ ബെഞ്ച് പുറത്തുവിട്ട ഉത്തരവ് പ്രകാരം രാജ്യദ്രോഹ നിയമത്തിന്റെ നിയമപരമായ സാധുത ഉയര്‍ത്തിപ്പിടിച്ചുതന്നെ, രാജ്യദ്രോഹത്തിന് തുല്യമായ പ്രവൃത്തികള്‍ തമ്മിലുള്ള വ്യത്യാസം നിര്‍ണയിച്ച് ദുരുപയോഗത്തിനുള്ള സാധ്യത പരിമിതപ്പെടുത്താന്‍ നിര്‍ദേശമുണ്ട്.

1962ല്‍ കേദാര്‍നാഥ് സിംഗ്/ സ്‌റ്റേറ്റ് ഓഫ് ബിഹാര്‍ കേസിന്റെ വിധി ഈ വിഷയത്തില്‍ ശരിയാണെന്നും ഹരജി വിശാല ബെഞ്ചിലേക്ക് മാറ്റേണ്ടതില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു.
നിയമത്തെ ദുരുപയോഗം ചെയ്യാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹനുമാന്‍ ചാലീസ വിവാദവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര എം.പി നവ്നീത് റാണ ഭര്‍ത്താവും എം.എല്‍.എയുമായ രവി റാണ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വേണുഗോപാലിന്റെ പരാമര്‍ശം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ തിങ്കളാഴ്ച വരെ കോടതിസമയം അനുവദിച്ചിട്ടുണ്ട്. നിയമം സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നും പൗരന് ഭരണഘടന നല്‍കുന്ന സംരക്ഷണം ഇല്ലാതാക്കുന്നുവെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

സൈനികനായ എസ്.ജി വോമ്പട്ട്കരെയും, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും നല്‍കിയ ഹരജികളാണ് ബെഞ്ച് പരിഗണിക്കുക. ഹരജികളുമായി ബന്ധപ്പെട്ട് നോട്ടീസിറക്കിയ അവസരത്തില്‍ വ്യവസ്ഥയെ ചീഫ് ജസ്റ്റിസ് വാക്കാല്‍ വിമര്‍ശിച്ചിരുന്നു.

ഗാന്ധിയേയും ബാലഗംഗാധര തിലകിനേയും അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമം സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോഴും പാലിക്കേണ്ടതുണ്ടോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ചരിത്രം പരിശോധിച്ചാല്‍ മരം മുറിക്കാന്‍ കോടാലി കൈയിലെടുത്ത മരപ്പണിക്കാരന്‍ കാട് മുഴുവന്‍ വെട്ടിമാറ്റിയതിന് തുല്യമാണ് രാജ്യദ്രോഹ നിയമമെന്നും അദ്ദേഹം പറഞ്ഞു.