50,000 മനുഷ്യരെ ഒറ്റ രാത്രികൊണ്ട് കുടിയൊഴിപ്പിക്കാനാകില്ല: ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി തടഞ്ഞ് സുപ്രീം കോടതി
national news
50,000 മനുഷ്യരെ ഒറ്റ രാത്രികൊണ്ട് കുടിയൊഴിപ്പിക്കാനാകില്ല: ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി തടഞ്ഞ് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th January 2023, 3:53 pm

ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ 4000ത്തിലേറെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം തടഞ്ഞ് സുപ്രീം കോടതി. ഹല്‍ദ്വാനി റെയില്‍വേ സ്‌റ്റേഷനടുത്തുള്ള സ്ഥലം റെയില്‍വേയുടെ കീഴില്‍ വരുന്നതാണെന്ന് പറഞ്ഞ് ഉത്തരാഖണ്ഡ് ഹൈക്കോടതി നല്‍കിയ ഒഴിപ്പിക്കല്‍ നിര്‍ദേശമാണ് കോടതി തടഞ്ഞത്.

ഹൈക്കോടതി വിധിക്കെതിരെ ഹല്‍ദ്വാനിയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ സുമിത് ഹൃദയേഷിന്റെ നേതൃത്വത്തില്‍ കോളനി നിവാസികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസുമാരായ എസ്.എ നസീറും പി.എസ്. നരസിംഹയും ചേര്‍ന്ന ബെഞ്ചാണ് പ്രദേശവാസികളുടെ ഹരജിയില്‍ വാദം കേട്ടത്.

‘ഒരൊറ്റ രാത്രികൊണ്ട് 50000 പേരോട് ഒഴിഞ്ഞുപോകാന്‍ പറയുന്നത് നടപ്പിലാക്കാന്‍ കഴിയുന്ന കാര്യമല്ല. ഇതൊരു മാനുഷിക പ്രശ്‌നമാണ്. പ്രായോഗികമായ എന്തെങ്കിലും പരിഹാരങ്ങള്‍ കണ്ടെത്തിയേ തീരു,’ സുപ്രീം കോടതി പറഞ്ഞു.

ഡിസംബര്‍ 20നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി വന്നിരുന്നത്. കയ്യേറ്റം നടത്തിയവര്‍ക്ക് ഒരാഴ്ചത്തെ നോട്ടീസ് നല്‍കിയ ശേഷം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നായിരുന്നു റെയില്‍വേയോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും കോടതി നിര്‍ദേശിച്ചത്.

കയ്യേറ്റക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ബലമായി തന്നെ ഭൂമി തിരിച്ചുപിടിക്കണമെന്നും അതിനായി ആവശ്യമെങ്കില്‍ പൊലീസിനെയും അര്‍ധസൈനികരെയും ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു. ഇതിനായി ചെലവാകുന്ന തുക കയ്യേറ്റക്കാരില്‍ നിന്നും പിഴയായി ഈടാക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തിരുന്നു.

ബലമായി ഒഴിപ്പിക്കാനുള്ള ഈ നിര്‍ദേശത്തിനെതിരെയും സുപ്രീം കോടതി രംഗത്തെത്തി. ‘ദശാബ്ദങ്ങളായി ഒരിടത്ത് താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിക്കാനായി പാരാമിലിട്ടറി ഫോഴ്‌സിനെ ഉപയോഗിക്കാമെന്നത് ശരിയായ നടപടിയല്ല,’ എന്നാണ് സുപ്രീം കോടതി പറഞ്ഞത്.

അതേസമയം, പ്രദേശത്ത് പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും നടത്തരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. റെയില്‍വേയും ഉത്തരാഖണ്ഡ് സര്‍ക്കാരും വിഷയത്തില്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത മാസം വീണ്ടും കേസ് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

സര്‍ക്കാര്‍ സ്‌കൂളുള്ള ‘കയ്യേറ്റ’ ഭൂമി

ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷനടുത്തുള്ള ഗഫൂര്‍ ബസ്തി, ധോലക് ബസ്തി, ഇന്ദിര നഗര്‍, ബാന്‍ഭൂല്‍പുര എന്നീ ഭാഗങ്ങളടങ്ങിയ 2 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് താമസിക്കുന്ന ജനങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്.

ഈ പ്രദേശത്ത് നാല് സര്‍ക്കാര്‍ സ്‌കൂളുകളും, 11 സ്വകാര്യ സ്‌കൂളുകളും, ഒരു ബാങ്കും, രണ്ട് വാട്ടര്‍ ടാങ്കുകളും, പത്ത് മുസ്‌ലിം പള്ളികളും, നാല് അമ്പലങ്ങളുമുണ്ട്. അതുകൂടാതെ വര്‍ഷങ്ങള്‍ക്ക് മുമ്പേ നിര്‍മിതമായ നിരവധി കടകളും വീടുകളുമുണ്ട്.

പ്രദേശത്തെ പുഴയില്‍ അനധികൃത മണല്‍വാരല്‍ നടക്കുന്നുവെന്നും അത് തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 2013ല്‍ കോടതിയിലെത്തിയ ഹരജിയാണ്, വര്‍ഷങ്ങള്‍ കഴിഞ്ഞുപോകവേ അനധികൃത കയ്യേറ്റം ഒഴിപ്പിക്കലിലേക്ക് എത്തിയിരിക്കുന്നതെന്നാണ് വിവിധ റിപ്പോര്‍ട്ടുകളിലുള്ളത്.

കോടതിയില്‍ ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കവിഷയമായത് 29 ഏക്കര്‍ ഭൂമി മാത്രമായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ 78 ഏക്കറോളം സ്ഥലത്ത് താമസിക്കുന്നവര്‍ക്കെല്ലാം റെയില്‍വേ ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി പുറത്തുവിട്ട പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.

സമരത്തിനിറങ്ങി നിവാസികള്‍, ഒപ്പം നിന്ന് പ്രതിപക്ഷം

ഹല്‍ദ്വാനിയിലെ ബാന്‍ഭൂല്‍പുരയിലെ താമസക്കാര്‍ കഴിഞ്ഞ ദിവസം കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവിടെ നിന്നും ഇറക്കിവിട്ടാല്‍ തങ്ങള്‍ തെരുവിലാകുമെന്നും കുട്ടികളുടെ വിദ്യാഭ്യാസമടക്കം മുടങ്ങുമെന്നാണ് ഇവര്‍ ആശങ്കയറിയിച്ചിരുന്നത്.

പ്രദേശവാസികള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ’70 വര്‍ഷത്തിലേറെയായി അവര്‍ അവിടെ താമസിക്കുന്നുണ്ട്. പ്രധാനമന്ത്രിയോടും റെയില്‍വേ മന്ത്രാലയത്തോടും മുഖ്യമന്ത്രിയോടും ഈ വിഷയത്തെ മാനുഷികമായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്,’ കോണ്‍ഗ്രസ് സെക്രട്ടറി ഖാസി നിസാമുദ്ദീന്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് കുടിയൊഴിപ്പിക്കലിനെതിരെ മൗനവ്രതം ആചരിച്ച് പ്രതിഷേധിച്ചിരുന്നു. ‘കുട്ടികളും ഗര്‍ഭിണികളും വൃദ്ധരുമടക്കം 50000ത്തിലേറെ പേര്‍ വീടുകള്‍ ഉപേക്ഷിച്ച് തെരുവില്‍ അഭയം പ്രാപിക്കേണ്ടി വരുന്നത് എത്ര വേദനജനകമായ കാഴ്ചയായിരിക്കും,’ എന്നായിരുന്നു ഹരീഷ് റാവത്ത് പറഞ്ഞത്.

സര്‍ക്കാര്‍ കോളേജുകളുള്ള സ്ഥലത്തെ എങ്ങനെയാണ് അനധികൃത കയ്യേറ്റമെന്ന് വിളിക്കാനാകുക എന്നാണ് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദ്ദുദ്ദീന്‍ ഉവൈസി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ചോദിച്ചത്.

Content Highlight: Supreme Court stays Uttakhand High Court’s order for the eviction of 4000 families in Haldwani