ന്യൂദൽഹി: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. കേരള വഖഫ് സംരക്ഷണ വേദിയുടെ അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി.
ഹൈകോടതിക്ക് അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമില്ലെന്നാണ് വഖഫ് സംരക്ഷണ വേദി അപ്പീലിൽ പറഞ്ഞിരുന്നത്.
ഈ വാദം ശരിയാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് സുപ്രീം കോടതി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് പരിഗണിക്കുന്നതുവരെയുള്ള ഇടക്കാല ഉത്തരവാണിത്.
മുനമ്പത്ത് സർക്കാർ കമ്മീഷനെ നിയോഗിച്ചത് ശരിയാണോയെന്ന ചോദ്യം ഹരജിയിൽ ഉന്നയിച്ചിരുന്നു.
ഈ ചോദ്യത്തിൽ തീരുമാനമെടുക്കുന്നതിന് പകരം പരിധിക്കപ്പുറത്ത് കടന്നുകൊണ്ട് മുനമ്പത്തെ ഭൂമിയുടെ സ്വഭാവം ഹൈക്കോടതി നിർണയിച്ചു എന്നതിൽ സുപ്രീം കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.
ആറാഴ്ചയ്ക്കകം മറുപടി നൽകണമെന്നും സുപ്രീം കോടതി അറിയിച്ചു. മുനമ്പം കമ്മീഷന്റെ പ്രവർത്തനം തുടരാമെന്നും ജനുവരി 27 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Content Highlight: Supreme Court stays High Court order that the first 50 acres is not waqf land