ന്യൂദല്‍ഹി: കൂറുമാറ്റ നിരോധന നിയമപ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. മുകുള്‍ റോയിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മകന്‍ സുഭ്രാന്‍ഷു റോയ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കൃഷ്ണനഗര്‍ ഉത്തര്‍ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച മുകുള്‍ റോയി, പിന്നീട് തുണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് ആരോപിച്ച് ബി.ജെ.പി നേതാവായ അംബിക റോയിയാണ് അയോഗ്യത ഹരജി നല്‍കിയത്.
ഇതിനെതിരെ ബി.ജെ.പി ഹൈക്കോടതിയെ സമീപിക്കുകയും കഴിഞ്ഞ നവംബറില്‍ ഹൈക്കോടതി മുകുള്‍ റോയിയെ അയോഗ്യനാക്കുകയും ചെയ്തു. അതേസമയം തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ബിമന്‍ ബാനര്‍ജി ബി.ജെ.പിയുടെ ഈ പരാതി തള്ളുകയും ചെയ്തിരുന്നു.
കൂറുമാറ്റം തെളിയിക്കാന്‍ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു. ‘ഇതൊരു എ.ഐ കാലഘട്ടമാണ്, ആരുടെ വേണമെങ്കിലും മുഖം വീഡിയോകളില്‍ ഉപയോഗിക്കാം,’ എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ഹൈക്കോടതിയുടെ നടപടി അതിന്റെ അധികാരപരിധിക്ക് പുറത്താണെന്ന വാദവും സുപ്രീം കോടതി കണക്കിലെടുത്തു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്പീക്കര്‍ക്കും സുവേന്ദു അധിക്കാരിക്കും കോടതി നോട്ടീസ് അയച്ചു.