ന്യൂദൽഹി: 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ബോംബൈ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നടപടി.
കുറ്റവിമുക്തരാക്കപ്പെട്ടവർ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ വിശദമായ വാദം പിന്നീട് നടക്കും.
ജസ്റ്റിസ് എം. എം. സുന്ദരേഷ്, ജസ്റ്റിസ് എൻ. കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
2006 ജൂലായ് 11 ന് മുംബൈയിൽ നടന്ന ട്രെയിൻ സ്ഫോടന പരമ്പരകളിൽ 12 പേരെ പ്രത്യേക അന്വേഷണ കോടതി ശിക്ഷിച്ചിരുന്നു. അഞ്ച് പേർക്ക് വധശിക്ഷയും ബാക്കിയുള്ളവർക്ക് ജീവപരന്ത്യം ശിക്ഷയുമായിരുന്നു കോടതി വിധിച്ചത്. പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 21, 2025) കേസിലെ 12 പ്രതികളെയും ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഈ വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്നും, പ്രതികൾ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും കോടതി ചൂണ്ടിക്കാട്ടിയായിരുന്നു ബോംബൈ ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. കുറ്റസമ്മതം നടത്തുന്നതായി എ.ടി.എസ് ഇവരെ പീഡിപ്പിച്ചതായും ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പറഞ്ഞു.
ബോംബൈ ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെ മുംബൈ ട്രെയിൻ ബോംബ് സ്‌ഫോടന കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കണമെന്ന് 2025 ൽ കുറ്റവിമുക്തനാക്കപ്പെട്ട അബ്ദുൾ വാഹിദ് ഷെയ്ഖ് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണത്തിലെ പാളിച്ചകൾക്ക് എ.ടി.എസ് കുറ്റവിമുക്തരാക്കിയവരോട് മാപ്പ് പറയണം, നിരപരാധികളായിരുന്നിട്ടും 19 വർഷം ജയിലിൽ കഴിഞ്ഞ 12 പേർക്ക് 19 കോടി രൂപ നഷ്ടപരിഹാരം നൽകണം, അവർക്ക് സർക്കാർ ജോലിയും വീടുകളും നൽകണം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മറ്റ് ആവശ്യങ്ങൾ.
2006 ജൂലായ് 11നാണ് മുംബൈയിലെ തിരക്കേറിയ ഏഴ് സബർബൻ ട്രെയിനുകളിൽ ബോംബ് സ്‌ഫോടനം നടന്നത്. സംഭവത്തിൽ 189 പേർ കൊല്ലപ്പെടുകയും 824 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.