പ്രകടന പത്രിക എങ്ങനെ അഴിമതിയാകും? സിദ്ധരാമയ്യയുടെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീം കോടതി
India
പ്രകടന പത്രിക എങ്ങനെ അഴിമതിയാകും? സിദ്ധരാമയ്യയുടെ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th December 2025, 7:35 am

ന്യൂദല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ പ്രതികരണം തേടി സുപ്രീം കോടതി. ഹരജിയിൽ സിദ്ധരാമയ്യയ്ക്ക് നോട്ടീസയച്ച് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് മറുപടി തേടിയത്.

സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ അഞ്ച് വാഗ്ദാനങ്ങള്‍ കൈക്കൂലിയ്ക്ക് സമാനമെന്ന് ചൂണ്ടിക്കാട്ടി വരുണ നിയോജകമണ്ഡലത്തിലെ കെ. ശങ്കര എന്ന വോട്ടറാണ് കോടതിയെ സമീപിച്ചത്. സിദ്ധരാമയ്യയുടെ സമ്മതത്തോടെയാണ് കര്‍ണാടക കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയതെന്നാണ് പരാതിക്കാരന്റെ വാദം.

അതുകൊണ്ട് തന്നെ മുഖ്യമന്ത്രി അഴിമതി നടത്തിയിട്ടുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു. സിദ്ധരാമയ്യയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ പ്രകടന പത്രിക, 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം കൈക്കൂലിയും അഴിമതിയും നിറഞ്ഞതാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.

ഒരു വീടിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി, വനിതാ കുടുംബനാഥകള്‍ക്ക് പ്രതിമാസം 2,000 രൂപ വീതം വേതനം, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ അംഗത്തിനും പ്രതിമാസം 10 കിലോ അരി, തൊഴിലില്ലാത്ത ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും സാമ്പത്തിക സഹായം, സര്‍ക്കാര്‍ സര്‍വീസുകളിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നീ വാഗ്ദാനങ്ങള്‍ക്കെതിരെയാണ് വോട്ടറുടെ ഹരജി.

സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്ര പുരുഷന്മാരോടുള്ള വിവേചനമാണെന്നും ഹരജിയില്‍ പറയുന്നുണ്ട്. ഇത്തരം പദ്ധതികള്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 ഉറപ്പുനല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും പരാതിക്കാരന്‍ വാദിക്കുന്നു.

എന്നാല്‍ പ്രകടന പത്രിക പുറത്തിറക്കുന്നത് എങ്ങനെ അഴിമതിയാകുമെന്ന് സുപ്രീം കോടതി ചോദിച്ചു. മാത്രമല്ല, ഹരജി ഡ്രാഫ്റ്റ് ചെയ്തതിലെ പിശകുകളും സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പേര് തെറ്റി നല്‍കിയതും കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരന് വേണ്ടി അഭിഭാഷകന്‍ വിശ്വാദിത്യ ശര്‍മയാണ് കോടതിയില്‍ ഹാജരായത്. നേരത്തെ കര്‍ണാടക ഹൈക്കോടതിയും സിദ്ധരാമയ്യക്കെതിരായ ഹരജി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അഴിമതിയായി കണക്കാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സുനില്‍ ദത്ത് യാദവാണ് ഹരജി തള്ളിയത്.

Content Highlight: Supreme Court seeks response on plea seeking annulment of Siddaramaiah’s victory