ന്യൂദല്‍ഹി: സ്ത്രീകളിലെ ചേലാകര്‍മം (എഫ്.ജി.എം) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം തേടി സുപ്രീം കോടതി.
ചേലാകര്‍മം ചെയ്യുന്നത് ഇസ്‌ലാമിന്റെ അനിവാര്യ ഭാഗമല്ലെന്നും കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ചേത്‌ന വെല്‍ഫെയര്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
മുസ്‌ലിങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ദാവൂദി ബോറ സമൂഹത്തില്‍ ഇപ്പോഴും സ്ത്രീകളുടെ ജനനേന്ദ്രിയം ഛേദിക്കുന്നത് നിലവിലുണ്ടെന്നാണ് ഹരജിയില്‍ പറയുന്നത്. ഇത് പോക്സോ നിയമത്തില്‍ അടക്കം ഉള്‍പ്പെടുന്ന വിഷയമാണെന്നും ഹരജിക്കാര്‍ വാദിക്കുന്നു.
113, 118(1), 118(2), 118(3) എന്നീ ബി.എന്‍.എസ് വകുപ്പുകളും ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. മെഡിക്കല്‍ കാരണങ്ങള്‍ കൂടാതെ പ്രായപൂര്‍ത്തിയാകാത്തവരുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നത് നിയമലംഘനമാണ്.
പെണ്‍കുട്ടികളിലെയും സ്ത്രീകളിലെയും ചേലാകര്‍മത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെ കടുത്ത ലംഘനമായി ലോകാരോഗ്യ സംഘടന തരംതിരിച്ചിട്ടുണ്ടെന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ശശി കിരണ്‍, സാധന സന്ധു എന്നിവര്‍ പറഞ്ഞു.
എഫ്.ജി.എം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സ്ത്രീകളില്‍ ഉണ്ടാക്കുന്നതെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. ചേലാകര്‍മം സ്ത്രീകളില്‍ ഗുരുതരമായ അണുബാധയ്ക്കും പ്രസവവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മറ്റു ശാരീരിക വൈകല്യങ്ങള്‍ക്കും കാരണമാകുമെന്നാണ് ഹരജിക്കാരുടെ വാദം.
മാത്രമല്ല, ചേലാകര്‍മം മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനം നല്‍കുന്ന അടിസ്ഥാന ഉറപ്പുകളുടെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നുണ്ട്.
2012 ഡിസംബറില്‍ ചേലാകര്‍മം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ ജനറല്‍ അസംബ്ലി ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നതായും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ചില ആഫ്രിക്കന്‍ രാജ്യങ്ങളും ചേലാകര്‍മം നിരോധിച്ചിട്ടുണ്ടെന്നും ഹരജിയില്‍ പരാമര്‍ശമുണ്ട്.
Content Highlight: Supreme Court seeks response from Centre on plea seeking ban on female genital mutilation