ന്യൂദല്‍ഹി: മക്കളില്ലാത്ത ഹിന്ദു സ്ത്രീകള്‍ മരിക്കുമ്പോള്‍ അവരുടെ സ്വത്തിന് അവകാശം ഭര്‍ത്താവിന്റെ കുടുംബത്തിനാണെന്നും ഒരു ഹിന്ദു സ്ത്രീ വിവാഹിതയാവുമ്പോള്‍ ഗോത്രവും മാറുന്നുവെന്നും സുപ്രീം കോടതി. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ സെഷന്‍ 15 (1) (ബി)ക്കെതിരെയുള്ള ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ബി.വി. നഗരത്‌നയുടെ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
ഹിന്ദു സമൂഹത്തില്‍ കന്യാദാനം എന്ന ഒരു ആശയമുണ്ട്. അത്, ഒരു സ്ത്രീ വിവാഹിതയാവുമ്പോള്‍ ഗോത്രവും മാറുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്നും ജസ്റ്റിസ് ബി.വി. നഗരത്‌ന പറഞ്ഞു. ആയിരം വര്‍ഷങ്ങളോളമായി നിലനില്‍ക്കുന്നത് കോടതി തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
‘വാദിക്കുന്നതിന് മുമ്പ് നമ്മള്‍ ഹിന്ദു പിന്തുടര്‍ച്ചാവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണം. എന്താണ് ഹിന്ദു? എങ്ങനെയാണ് ഹിന്ദു സമൂഹത്തെ നിയന്ത്രിക്കുന്നത്? നിങ്ങള്‍ക്ക് ഇത് പറയുന്നത് ഇഷ്ടമായേക്കില്ല, പക്ഷേ, കന്യാദാനം എന്നൊന്നുണ്ട്.
അതുപ്രകാരം ഒരു സ്ത്രീ വിവാഹിതയാവുമ്പോള്‍ അവളുടെ ഗോത്രവും പേരും മാറുന്നു. അവള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ചോദിക്കാനാകും. ദക്ഷിണേന്ത്യയില്‍ വിവാഹത്തോടെ സ്ത്രീ മറ്റൊരു ഗോത്രത്തിലേക്ക് മാറുന്നുവെന്ന ആചാരം പോലുമുണ്ട്. ഇതെല്ലാം നമ്മുക്ക് ഉപേക്ഷിക്കാന്‍ കഴിയില്ല,’ കോടതി പറഞ്ഞു.
ഒരു സ്ത്രീയുടെ വിവാഹം കഴിയുന്നതോടെ അവളുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്റേതും കുടുബത്തിന്റേതുമാണെന്നും ഒരു സ്ത്രീ സ്വന്തം കുടുംബത്തില്‍ നിന്ന് ജീവനാംശം തേടാറില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളില്ലെങ്കില്‍ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വില്‍പത്രം എഴുതാമെന്നും കോടതി പറഞ്ഞു.
ഒരു പരാതിക്കാരനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഈ സെഷന്‍ ഏകപക്ഷീയവും വിവേചനപരവുമാണെന്ന് വാദിച്ചു. ഒരു പുരുഷന്‍ മരണപ്പെടുമ്പോള്‍ സ്വത്തിന്റെ അവകാശം അദ്ദേഹത്തിന്റെ കുടുംബത്തിനാണെന്നും പിന്നെ എന്തുകൊണ്ട് സ്ത്രീകളുടെ കാര്യത്തില്‍ ഇത് ഭര്‍ത്താവിന്റെ കുടുംബത്തിനാകുന്നതെന്നും സിബല്‍ ചോദിച്ചു.
മറ്റൊരു പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനേക ഗുരുസ്വാമി ഹരജി ആചാരത്തെയല്ല, നിയമത്തിലെ വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നതെന്നും വാദിച്ചു. എന്നാല്‍ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ സംസ്ഥാനങ്ങളിലും സമൂഹങ്ങളിലും വ്യത്യാസപ്പെടുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Content Highlight: Supreme Court says when a Hindu women marries her ‘gotra’ also changes in succession case